കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) നിര്‍മിച്ചു നല്‍കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളുടെ ഉദ്ഘാടനം 30ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മൂന്ന് കോടി ചെലവഴിച്ച് 12 ക്ലാസ് മുറികളും 16 ശുചിമുറികളുമാണ് ബിഎഐ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, പ്ലസ്ടു വിഭാഗങ്ങളിലുള്ള 550 വിദ്യാര്‍ഥികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലേക്ക് മാറ്റുകയായിരുന്നു. ഇവരെ മാറ്റിയ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലാണ് ഇവര്‍ക്കായി പുതിയ ക്ലാസ് മുറികളും ശുചിമുറികളും ബിഎഐ ഒരുക്കുന്നത്.
പണി പൂര്‍ത്തിയാക്കിയ എട്ട് ക്ലാസ് മുറികളുടെയും 10 ശുചിമുറികളുടെയും ഉദ്ഘാടനം രാവിലെ 10.30 ന് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. മന്ത്രി ഒ ആര്‍ കേളു അധ്യക്ഷത വഹിക്കും. എംഎല്‍എ ടി സിദ്ധിഖ് മുഖ്യാതിഥിയായിരിക്കും. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, ബിഎഐ ദേശീയ പ്രസിഡന്റ് കെ വിശ്വനാഥന്‍, ബിഎഐ സംസ്ഥാന ചെയര്‍മാന്‍ പിഎന്‍ സുരേഷ് എന്നിവര്‍ പ്രസംഗിക്കും.
നാല് ക്ലാസ് മുറികളുടെയും 6 ശുചിമുറികളുടെയും നിര്‍മാണം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാവും. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ രണ്ട് കോടി ചെലവഴിച്ച് വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റലും നിര്‍മിച്ചു നല്‍കും. എഴുപത്തിയഞ്ച് പെണ്‍കുട്ടികള്‍ക്കും 75 ആണ്‍കുട്ടികള്‍ക്കുമായാണ് ഹോസ്റ്റല്‍ സൗകര്യം ഒരുക്കുക. ഷട്ടില്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഓപ്പണ്‍ ജിംനേഷ്യമുള്‍പ്പടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഹോസ്റ്റല്‍ നിര്‍മിച്ചു നല്‍കുക. ഹോസ്റ്റലിനായി സര്‍ക്കാര്‍ സ്ഥലം ലഭ്യമാക്കുന്നതിനനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുമെന്ന് ബിഎഐ ഭാരവാഹികള്‍ പറഞ്ഞു.
വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ എല്‍പി, യുപി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലായി 460 വിദ്യാര്‍ഥികളും പ്ലസ്ടു വിഭാഗത്തില്‍ 90 വിദ്യാര്‍ഥികളുമാണുള്ളത്. ഒന്നാം ക്ലാസു മുതല്‍ പത്താം ക്ലാസു വരെ 17 ഡിവിഷനുകളും പ്ലസ്ടുവിന് നാല് ഡിവിഷനുകളുമുണ്ട്. ബിഎഐ സംസ്ഥാന ചെയര്‍മാന്‍ പിഎന്‍ സുരേഷ്, സംസ്ഥാന സെക്രട്ടറി മിജോയ് കെ മാമു, സംസ്ഥാന ട്രഷറര്‍ കെ സതീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.