കുന്ദമംഗലം: വ്രതനാളുകളിൽ കൈവരിച്ച ഹൃദയവിശുദ്ധിയുമായി ആത്മഹർഷത്തിൻ്റെ നിറവിൽ നാടെങ്ങും ഈദുൽ ഫിത്തർ ആഘോഷിച്ചു. ഈദ് ഗാഹുകളിലും പള്ളികളിലും ഒരുമിച്ച് കൂടിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള വിശ്വാസികൾ പരസ്പരം സ്നേഹ ആശംസകൾ കൈമാറി.
ഈദ് ഗാഹുകൾ കേന്ദ്രീകരിച്ച് ലഹരി വിപത്തിനെതിരെ വിവിധ ബോധവൽക്കരണ പരിപാടികൾ നടന്നു. ആരാമ്പ്രം പുള്ളിക്കോത്ത് സലഫി ഈദ് ഗാഹിന് കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി അബ്ദുസ്സലാം മദനി പുത്തൂർ നേതൃത്വം നൽകി. വ്രതത്തിലൂടെ ആർജ്ജിച്ച സംസ്ക്കരണം തുടർജീവിതത്തിലും നിലനിർത്തണമെന്ന് അദ്ദേഹം പറഞ്ഞു ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം , ബാഡ്ജ് വിതരണം എന്നിവയും നടന്നു.
ചോലക്കത്താഴം സലഫി ഈദ് ഗാഹിന് ജാസിർ അൻവാരി കുനിയിൽ നേതൃത്വം നൽകി. കെ.എൻ.എം സംസ്ഥാന പ്രവർത്തക സമിതി അംഗം ശുക്കൂർ കോണിക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മടവൂർ രാംപൊയിൽ സലഫി ഈദ് ഗാഹിന് ഷാഫി ഇബ്നു ഖാസിം കൊച്ചി നേതൃത്വം നൽകി. എൻ.പി. ഹബീബ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പടനിലം സലഫി മസ്ജിദിൽ അബ്ദുൽ ജലീൽ ചമൽ പ്രാർത്ഥനക്ക് നേതൃത്വം നൽക്.പുന്നശ്ശേരി സലഫി ഈദ് ഗാഹിന് ഐ.എസ്. എം ജില്ല സെക്രട്ടറി അൻഷിദ് പാറന്നൂരും പാറന്നൂർ ഈദ് ഗാഹിന് അബ്ദുസ്സലാം കാന്തപുരവും നെരോത്ത് ഈദ് ഗാഹിന് ഫൈസൽ നൻമണ്ടയും കാരുകുളങ്ങരയിൽ ജംഷിദ് നരിക്കുനിയും നേതൃത്വം നൽകി.