കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍ എം പി ഐ) രണ്ടാം ദേശീയ സമ്മേളനം 23 മുതല്‍ 26 വരെ കോഴിക്കോട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് നളന്ദയില്‍ ഭഗത്‌സിങ് നഗറില്‍ പ്രതിനിധി സമ്മേളനവും 26ന് വൈകുന്നേരം നാലിന് മുതലക്കുളത്ത് പൊതുസമ്മേളനവും സംഘടിപ്പിക്കും. 22ന് സമ്മേളന നഗറില്‍ ഉര്‍ത്താനുള്ള പതാക ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ സ്മൃതി കുടീരത്തില്‍ നിന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി എല്‍ സന്തോഷിന്റെ നേതൃത്വത്തില്‍ മുതലക്കുളത്ത് എത്തിക്കും. 22ന് മുതലക്കുളത്ത് എക്‌സിബിഷനും ടൗണ്‍ഹാളില്‍ സാംസ്‌കാരിക പരിപാടികളും നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി 19ന് ‘കോര്‍പ്പറേറ്റ് ഹിന്ദുത്വത്തിനെതിരെ ജനകീയ ചെറുത്തുനില്‍പ് ‘ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് മുതലക്കുളത്ത് നടക്കുന്ന സെമിനാറില്‍ എം കെ രാഘവന്‍ എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എന്‍ വേണു, കെ കെ രമ എം എല്‍ എ, അഡ്വ. പി കുമാരന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.