ഷാജി പുൽപ്പള്ളി സർവ്വീസിൽ നിന്നും വിരമിച്ചു

Wayanad

പെരിക്കല്ലൂർ: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകനും എഴുത്തുകാരനുമായ ഷാജി പുൽപ്പള്ളി, ഇരുപത്തിയേഴു വർഷത്തെ അധ്യാപക സേവനത്തിനുശേഷം മാർച്ച് 31ന് സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചു. കുട്ടികളിലെയും അധ്യാപകരിലെയും കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന വേണി കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച അക്ഷരവേദിയും പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച സാഹിത്യ വേദിയുടെയും നേതൃത്വം വഹിച്ചിരുന്നു. അക്ഷരവേദിയും സാഹിത്യവേദിയും സംസ്ഥാന തലത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയിരുന്ന സാഹിത്യ മത്സരങ്ങളും പുരസ്കാര സമർപ്പണവും സംസ്ഥാന തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു.

1998 ൽ മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപകനായിട്ടായിരുന്നു ജോലിയുടെ തുടക്കം.1999 ൽ വയനാട് പി.എസ്.സി മുഖാന്തിരം കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപകനായി നിയമിക്കപ്പെട്ടു. 23 വർഷങ്ങൾക്കു ശേഷം 2022 ൽ പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രധാനാധ്യാപക നായിസ്ഥാനക്കയറ്റം ലഭിച്ചു.

കഥ കവിത ലേഖനം എന്നിവ എഴുതാറുണ്ട്. നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാർത്ഥനയുടെ മന:ശാസ്ത്രം, മൗനം ഉണ്ടാകുന്നത് (കഥകൾ) ഒറ്റസംഖ്യകൾ (നോവൽ), ഭാവരാശികൾ ( 5 പേർ ചേർന്നുള്ള കവിതകൾ). അതുപോലെ നാലു പുസ്തകങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കടിരുത്തം (അധ്യാപക കവിതകൾ), ക്ലാസിസം ( വിദ്യാർത്ഥികളുടെ കവിതകൾ), കടലിരമ്പുന്ന കൈത്തോടുകൾ ( വിദ്യാർത്ഥികളുടെ കഥകൾ), കാടകം കെ.ജെ ബേബി ഓർമ്മക്കുറിപ്പുകൾ. ഇവ കൂടാതെ ധാരാളം ലേഖനക്കൾ അനുകാലികങ്ങളിലും ലേഖന സമാഹാരങ്ങളിലും എഴുതിയിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്കാരം, ടി.എ.ഷാഹിദ് കഥാ പുരസ്കാരം, ശ്രീലത ടീച്ചർ സ്മാരക കഥാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ ഷിബി പനമരം ക്രസൻ്റ് പബ്ലിക് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. മകൾ അഞ്ജു ഷാജി കോഴിക്കോട് ദേവഗിരി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയും. ഇപ്പോൾ കണിയാമ്പറ്റ കൂടോത്തുമ്മലിൽ താമസിക്കുന്നു.