കോഴിക്കോട് :വർധിച്ച് വരുന്ന ലഹരിയുടെ സാമൂഹിക ആഘാതങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി ശാശ്വത പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കെ. എൻ എം മർക്കസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ സമിതി നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് നാളെ ( ഞായർ )കോഴിക്കോട്ട് തുടക്കമാകും . നല്ല കേരളം പദ്ധതിക്ക് കീഴിൽ “ലഹരിയില്ലാ നാട് ശാന്തിയുള്ള വീട് ” എന്ന സന്ദേശം സമൂഹത്തിൻ്റെ വിവിധ തട്ടുകളിൽ എത്തിക്കാൻ വിവിധ കർമ്മ പദ്ധതികൾ ജില്ലാ സമിതി ആസൂത്രണം ചെയ്തിട്ടുണ്ട്.
വനിതാ ജാഗ്രത സദസ്സ്, കൗമാരക്കൂട്ടം, ഭവന സന്ദർശനം , അധ്യാപക ശിൽപശാല , സൗഹൃദമുറ്റം ,തസ്കിയത് ക്യാമ്പ്, പോസ്റ്റർ ഡിസ്പ്ലേ, വീഡിയോ പ്രദർശനം, വിദ്യാർത്ഥികൾക്കുള്ള പോസ്റ്റർ രചന മൽസരം , ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് എന്നിവ പ്രചാരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും. മയക്കുമരുന്ന് , മദ്യം തുടങ്ങിയവയുടെ അപകടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഗ്രാമ- നഗരങ്ങൾ ഉൾക്കൊള്ളിച്ച് വാഹന സന്ദേശ യാത്രയും സംഘടിപ്പിക്കുന്നുണ്ട്.
പ്രചാരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം നാളെ (ഞായർ ) കോഴിക്കോട് എം.എസ് എസ് ഓഡിറ്റോറിയത്തിൽ എം.കെ രാഘവൻ എം.പി നിർവഹിക്കും. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആർ. എൻ ബൈജു മുഖ്യാതിഥിയായി പങ്കെടുക്കും . ഡോ:എൻപി ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നിർവഹിക്കും .ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ നടക്കുന്ന പ്രചാരണ സംഗമത്തിൽ എക്സൈസ് – പോലീസ് ഉദ്യോഗസ്ഥർ , സംഘടന നേതാക്കൾ എന്നിവർ പ്രസംഗിക്കും. നൂറിലധികം ശാഖകളിൽ നിന്നായി കെ. എൻ.എം , ഐ.എസ് എം , എം.എസ്. എം , എം.ജി. എം , ഐ.ജി. എം പ്രവർത്തകർക്കു സംഗമത്തിൽ പങ്കെടുക്കും. പ്രചാരണത്തിന്റെ പരിപാടികൾക്ക് കെ.എൻ. എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറിയേറ്റ് അന്തിമ രൂപം നൽകി. പ്രസിഡണ്ട് എം.ടി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.