പഹൽഗാം ഭീകരാക്രമണം നടുക്കമുണ്ടാക്കുന്നു

Kozhikode

കോഴിക്കോട്: ശ്രീനഗറിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഏറെ ഞെട്ടലുളവാക്കുന്നതും അപലപനീയവുമാണെന്ന് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി പറഞ്ഞു. നിരപരാധികളുടെ രക്തം ചിന്തിയും സ്വസ്ഥമായ ജനജീവിതം തകർത്തും ഭീകരർ നടത്തുന്ന നരനായാട്ട് അടിവേരറുക്കുക തന്നെ വേണം.
ഭീകരത കൊണ്ട് ആരാണ്, എന്താണ് നേടിയതെന്നും അദ്ദേഹം ചോദിച്ചു.

മനുഷ്യത്വം നഷ്ടപ്പെട്ടവർ എന്ത് ദയയാണ് അർഹിക്കുന്നത്. സ്വയം പൊട്ടിത്തെറിച്ചും മറ്റുള്ളവൻ്റെ രക്തം തെറിപ്പിച്ചും ജീവനെടുത്തും ചെയ്തു കൂട്ടുന്ന തെമ്മാടിത്തരങ്ങളെ അടിവേരറുത്ത് ഇല്ലാതാക്കുക തന്നെ വേണം. സുരക്ഷ സംവിധാനങ്ങളിൽ പിഴവുകളുണ്ടായോന്ന് പരിശോധിക്കാൻ ഉന്നതതല അന്വേഷണം നടക്കുകയും വേണം. ഭീകരാക്രമണത്തെ കുറിച്ചു ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഷുക്കൂര്‍ സ്വലാഹി ആവശ്യപ്പെട്ടു.