തലശ്ശേരി: മലയാള ഭാഷയ്ക്ക് അമൂല്യ സംഭാവന നൽകിയ ജർമൻ മിഷണറി ഡോ. ഹെർമൻ ഗുണ്ടർട്ടിൻ്റെ 132ാം ചരമദിനത്തിൽ സി എസ് ഐ വൈദികൻ ഡോ. ഫാദർ ജിഎസ് ഫ്രാൻസിസിൻ്റെ വീട് സന്ദർശിച്ചു. ഗുണ്ടർട്ട് നെട്ടൂരിൽ സ്ഥാപിച്ച കല്ലച്ചിൽ അച്ചടിച്ച ലോക ചരിത്രശാസ്ത്രം എന്ന പുസ്തകം കാണാനാണ് തലശ്ശേരി മുബാറക്ക ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ കെ പി നിസാർ, മാനേജർ സി ഹാരിസ് ഹാജി, എന്നിവരുടെ നേതൃത്വത്തിൽ ഫാ. ജി എസ് ഫ്രാൻസിസിൻ്റെ വീട്ടിലെത്തിയത്.
ക്രിസ്തുവിന് മുൻപുള്ള ചരിത്രമാണ് ലോക ചരിത്രശാസ്ത്രത്തിൽ പ്രതിപാദിക്കുന്നത്.
പുസ്തകം ഫാ ജി എസ് ഫ്രാൻസിസിന്റെ ചരിത്രപുസ്തക ശേഖരത്തിൽ നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ്. 1845 ഒക്ടോബർ 23 നാണ് കല്ലച്ച് സ്ഥാപിച്ചത്. 1864 വരെ പ്രവർത്തിച്ചു. പിന്നിട് ലെറ്റർ പ്രസ് നിലവിൽ വന്നു. 1851-ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ഗുണ്ടർട്ടിനുശേഷം സെമിനാരി പ്രവർത്തനം നടത്തിയ സത്യവ്രതനിൽ നിന്ന് മകൻ ജോർജ് സത്യസന്ധന്റെ കൈവശം പുസ്തകമെത്തി. തലശ്ശേരി ബിഇഎംപി സ്കൂൾ പ്രഥമാധ്യാപകനായിരുന്ന സത്യസന്ധൻ്റെ മകൾ റൊമോളയുടെ ഭർത്താവാണ് ജി എസ് ഫ്രാൻസിസ്. പുസ്തകത്തെയും ഗുണ്ടർട്ടിനെയും കുറിച്ച് അദ്ദേഹം ഏറെ നേരം സംസാരിച്ചു.
സ്കൂൾ അധ്യാപകരായ കെ പി അഷറഫ്, നിഷാദ് എൻ എം, അമീന നൂറ മാനേജിംഗ് കമ്മിറ്റി അംഗം തഫ്ലീം മാണിയാട്ട്, മുബാറക വനിതാ കോളേജ് പ്രിൻസിപ്പൽ നൂറ നാസർ എന്നിവരും ഗൃഹ സന്ദർശനത്തിലുണ്ടായിരുന്നു.