വാഴക്കാട് : കെ.എൻ എം മർകസുദ്ദഅവ സംസ്ഥാന സമിതിയുടെ ഉന്നത വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന സേഫ് ഹെവൻ സംസ്ഥാന റസിഡൻഷ്യൽ സമ്മർ ക്യാമ്പ് വാഴക്കോട് എൽറിയോ റിസോർട്ടിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽ നിന്നായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാധ്യതകളും വഴികളും, വ്യവഹാരങ്ങളിലും വ്യക്തി ജീവിതത്തിലും ധാർമിക മൂല്യങ്ങളുടെ പ്രാധാന്യം, മാറുന്ന ലോകത്തിൻ്റെ വൈജ്ഞാനിക മുന്നേറ്റത്തിൽ പങ്കാളിത്തം, മദ്യം – മയക്കുമരുന്ന്, ലിബറലിസം, നിരീശ്വരവാദം തുടങ്ങിയ സാമൂഹ്യ വിപത്തുകൾക്കെതിരിലുള്ള പ്രതിരോധം എന്നിവയിലൂന്നിക്കൊണ്ടുള്ള മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പരിശീലനമാണ് ക്യാമ്പ് ലക്ഷ്യം വെക്കുന്നത്.
കെ.എൻ.എം മർകസുദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ടി അബ്ദുൽ മജീദ് സുല്ലമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.പി.എ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജാബിർ അമാനി, ശമീന സലീം, ഡോ അനസ് കടലുണ്ടി, ഫഹീം പുളിക്കൽ,കെ.ടി മശ്ഹൂദ് , യഹ്യാ മുബാറക്, അൻഷാദ് പന്തലിങ്ങൽ, ഫൈസൽ വട്ടോളി പ്രസംഗിച്ചു.