പാലസ്തീനിലെ അമേരിക്കൻ- സയണിസ്റ്റ് അധിനിവേശവും വംശഹത്യയും അവസാനിപ്പിക്കുക, പോരാടുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം: CPI(ML)REDSTAR

Wayanad

പാലസ്തീൻ വംശ ഹത്യക്കെതിരെ 2025 ജൂൺ 10 മുതൽ 17 വരെ അഖിലേന്ത്യാ തലത്തിൽ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ വാരമായി ആചരിക്കാൻ തീരുമാനിച്ചിരിക്കയാണ്. 14/06/2025 ശനി 4 മണിക്ക് കൽപ്പറ്റ പോസ്റ്റ് ഓഫീസ് പരിസരത്താണ് ഐക്യദാർഢ്യ സായാഹ്നം സംഘടിപ്പിക്കുന്നത്. കൾച്ചറൽ ഫോറം സംസ്ഥാന കൺവീനർ വേണു കുനിയിൽ ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹ്യ- സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുക്കും. ഇസ്രായേൽ ശക്തികൾ നടത്തുന്ന പാലസ്തീൻ അധിനിവേശത്തിനെതിരെ ഐക്യപ്പെടുക! പൊരുതുന്ന പാലസ്തീൻ ജനതക്ക്ഐ ക്യദാർഢ്യം! അമേരിക്കൻ-സയണിസ്റ്റ് ശക്തികൾ നടത്തുന്ന പാലസ്തീൻ വംശഹത്യയ്‌ക്കെതിരെ ശബ്ദമുയർത്തുക; തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് ഐക്യദാർഢ്യ സായാഹ്നം സംഘടിപ്പിക്കുന്നത്.

അമേരിക്കൻ പിന്തുണയുള്ള സയണിസ്റ്റ് ഇസ്രായേൽ ശക്തികൾ, പാലസ്തീൻ ജനതക്കെതിരെ നടത്തുന്ന അതിഭീകരമായ വംശഹത്യ മുമ്പ് ഇസ്രായേൽ നടത്തിയിട്ടുള്ള നരഹത്യകളെയല്ലാം നിഷ്പ്രഭമാക്കുന്നതാണ്.
ഗാസയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകൾക്കെതിരെ
ആഗോള തലത്തിൽ ആശങ്കാകുലരായ ജനങ്ങൾ വർദ്ധിച്ചതോതിൽ മുന്നോട്ട് വരുന്നു.
നവഫാസിസ്റ്റ് ഭരണകൂടങ്ങൾ ഒഴികെയുള്ള പല രാജ്യങ്ങളും സയണിസ്റ്റ് നെതന്യാഹു സർക്കാരിനെ ശക്തമായി അപലപിക്കുകയും, ചില രാജ്യങ്ങൾ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം പോലും അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2023 ഒക്ടോബർ 7 ന് ശേഷം മാത്രം ഒരു ലക്ഷത്തിലധികം പാലസ്തീനികളെ കൊല ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നത് ഇസ്രായേലിൻ്റെ മനുഷ്യത്വ വിരുദ്ധത എത്ര ആഴത്തിലുള്ളതാണ് എന്ന് വ്യക്തമാക്കുന്നതാണ്. 30 സ്ത്രീകൾ ഉൾപ്പെടെ ഇതിനകം 226 ലധികം മാധ്യമപ്രവർത്തകർ പാലസ്തീനിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ട് കഴിഞ്ഞു !! ലോകമന:സാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിൽ ആശുപത്രികൾ പോലും ബോംബിട്ട് തകർക്കുന്നു. അഭയാർത്ഥി കേന്ദ്രങ്ങളിൽ വ്യോമാക്രമണത്തിലൂടെ കൂട്ടക്കൊലകൾ നടത്തുന്നു. ഭക്ഷണത്തിനായി ക്യൂ നിൽക്കുന്ന കുഞ്ഞുകുട്ടികളെയുൾപ്പെടെ നിഷ്കരുണം വെടി വെച്ചു കൊല്ലുന്നു.

പാലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ-ഇസ്രായേൽ ഭീകരവാദ കൂട്ടുകെട്ടിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. സമാന ചിന്താഗതിക്കാരെക്കൂടി അണിനിരത്തി സംയുക്തമായ പ്രതിഷേധങ്ങളും പ്രചാരണങ്ങളും നടത്തുന്നതിനും, ഈ വിഷയം അടിയന്തിരമായി ചർച്ച ചെയ്യാൻ എല്ലാ പുരോഗമന ജനാധിപത്യ-വിപ്ലവ ശക്തികളോടും ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു. ഇതിൻ്റെ ഭാഗമായി പൊതുയോഗങ്ങൾ, തെരുവ് യോഗങ്ങൾ, പോസ്റ്റർ ക്യാമ്പെയ്‌നുകൾ, യോജിച്ച സോഷ്യൽ മീഡിയ ക്യാമ്പെയ്‌നുകൾ എല്ലാം ഇത്തരമൊരു ഐക്യദാർഢ്യ പ്രചാരണത്തിൻ്റെ ഭാഗമായി എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കേണ്ടതാണെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.