കടമാൻതോട് തൊണ്ടാർ ഡാം പദ്ധതികൾ ജനങ്ങളോടുള്ള വെല്ലുവിളി: എസ്ഡിപിഐ

Wayanad

കൽപ്പറ്റ: പുൽപ്പള്ളി മേഖലയിലെ കടമാൻ തോട്, എടവക പഞ്ചായത്ത് പരിധിയിലെ തൊണ്ടാർ ഡാം പദ്ധതികളുടെ ഡി പി ആർ തയാറാക്കുന്നതിനു ഭരണാനുമതി നൽകിയ ജലവിഭവ വകുപ്പിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പദ്ധതി ഉപേക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും എസ്ഡിപിഐ ജില്ലാ വൈ:പ്രസിഡൻറ് എൻ.ഹംസ ആവശ്യപ്പെട്ടു.

വയനാട് ജില്ലയിൽ നിലവിലുള്ള രണ്ട് ഡാമുകളും  കൃഷിക്കാവശ്യമാവുന്ന ജലം ലഭ്യമാക്കും എന്ന വാഗ്ദാനം നൽകി നിർമിച്ചതാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പദ്ധതികൾ പൂർത്തീകരിക്കാനും കൃഷി ആവശ്യത്തിന് ജലസേചനം നടപ്പിലാക്കാനും സാധിച്ചിട്ടില്ല. ഡിപിആർ തയ്യാറാക്കുന്നതിനു തൊട്ടുമുൻപുള്ള ഭൂപ്രകൃതി സർവേയും ലൈഡാർ സർവേയും 2023-ൽ പൂർത്തിയായതാണ്.

പദ്ധതിയുടെ വ്യാപ്തി, കുടിയൊഴിപ്പിക്കേണ്ട ജനങ്ങൾ, ജലമെത്തിക്കാൻ കഴിയുന്ന പ്രദേശങ്ങൾ, ഉപേക്ഷിക്കേണ്ടി വരുന്ന സർക്കാർ-സർക്കാറേതര സ്ഥാപനങ്ങൾ, വീടുകൾ, ആരാധനലയങ്ങൾ തുടങ്ങി വിശദ വിവരങ്ങൾ സർക്കാറിന് സമർപ്പിച്ച പഠന റിപ്പോർട്ടിലുണ്ട്. ആദ്യഘട്ട സർവേകൾ പൂർത്തിയാക്കിയശേഷം പദ്ധതിയുടെ വിശദാംശങ്ങൾ പൊതുജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുമെന്ന് മുൻപ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉറപ്പുനൽകിയിരുന്നുവെങ്കിലും അത് പാലിക്കാതെ ഡിപിആറിന് അനുമതി നൽകിയതിൽ ദുരൂഹതയുണ്ട്.

താരതമ്യേന ചെറിയ ജില്ലയായ വയനാടിന് ഇനിയും വൻകിട ജലസംഭരണികൾ താങ്ങാൻ സാധിക്കുമോ എന്നുള്ളത് വിശദപഠനങ്ങൾക്ക് വിധേയമാക്കണം. ജില്ലയിൽ വന്യജീവി അക്രമണങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥയാണ്. മെഡിക്കൽ കോളേജ്, ചൂരൽമല-മുണ്ടകൈ പുനരധിവാസം, വിദ്യാർത്ഥികളുടെ തുടർപഠന പ്രതിസന്ധി തുടങ്ങി ജില്ലയിലെ പ്രധാന പ്രശ്നങ്ങൾക്കുനേരെ കണ്ണടക്കുന്ന സർക്കാർ വൻകിട ഡാം പദ്ധതികളുമായി മുന്നിട്ടിറങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജില്ലയിൽ വൻകിട പദ്ധതികൾ കൊണ്ടുവരുന്നതിൽ  അധികാരികൾക്കും ഭരണകക്ഷികൾക്കും സ്വാർത്ഥ താല്പര്യങ്ങളുണ്ട്.

ചെറുകിട പദ്ധതികളിലൂടെ കാവേരി ട്രൈബ്യൂണലിന്‍റെ വിധി നടപ്പിലാക്കാം എന്നിരിക്കെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ വൻകിട പദ്ധതികൾക്കു വേണ്ടി പൊതുജനങ്ങളെ കുടിയിറക്കാൻ അനുവദിക്കുകയില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് പാർട്ടി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.