അട്ടപ്പാടിയിൽ ആദിവാസി ഭൂസമരപന്തൽ തകർത്ത നടപടിയിൽ പ്രതിഷേധിക്കുക: സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി

Wayanad

അട്ടപ്പാടി ആദിവാസിഭൂമി തട്ടിപ്പിനെതിരെ ആദിവാസി ഭാരത് മഹാ സഭ (ABM ) നേതൃത്വത്തിൽ അഗളിയിൽ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമര പന്തലിലെ
ബാനറും കൊടിയും ഇന്നലെ രാത്രിയിൽ സാമൂഹ്യ വിരുദ്ധരായ ഭൂ മാഫിയ സംഘങ്ങൾ നശിപ്പിച്ചു. ജൂലൈ 16 നാണ് സമര പന്തൽ കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്.
പന്തലിൻ്റെ മുൻ ഭാഗത്തുണ്ടായിരുന്ന ബാനറും സമര പന്തലിലെ കൊടികളും ഭൂ മാഫിയകൾ ഇരുട്ടിൻ്റെ മറവിൽ തകർത്തു.

ഉദ്യോഗസ്ഥ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്നതാണ് അട്ടപ്പാടിയിലെ ഭൂമാഫിയ സംഘങ്ങൾ. ആദിവാസികളുടെ പാരമ്പര്യാർജ്ജിതമായ ഭൂമി അവകാശികൾക്കിടയിൽ വിഭജിച്ച് ഭൂരേഖകൾ കൊടുക്കാൻ തയാറാവാതെ അധികാരപ്പെട്ട ഉദ്യോഗസ്ഥർ ഭൂമിക്ക് അനധികൃതമായ രേഖ ചമച്ച് മാഫിയകൾക്ക് കയ്യേറാൻ കൂട്ട് നിൽക്കുകയാണ് ചെയ്യുന്നത്. അൺ സർവ്വെയ്ഡ് ഭൂമിയിലും ആദിവാസികൾക്ക് പട്ടയം കൊടുത്ത ഭൂമിയിലും മാഫിയകൾ വ്യാപകമായ കയ്യേറ്റം നടത്തി കൊണ്ടിരിക്കുന്നു.

AIKKS നേതാവ് എം. സുകുമാരൻ്റെയും ABM നേതാവ് TRചന്ദ്രൻ്റെയും നേതൃത്വത്തിൽ
നിരവധി വട്ടം സെക്രട്ടേറിയറ്റിൽ കയറിയിറങ്ങി. മുഖ്യ മന്ത്രിയെയും റവന്യൂമന്ത്രിയെയും കണ്ടു. ആദിവാസികൾ നിയമസഭയിലേക്ക് പോയി സ്പീക്കറെയും മുഴുവൻ MLAമാരെയും കണ്ടു. നിയമസഭ ഗൗരവമായി അട്ടപ്പാടി ആദിവാസി കളുടെ ഭൂപ്രശ്നം ചർച്ച ചെയ്യുമെന്ന് സ്പീക്കർ തന്നെ ഉറപ്പു കൊടുത്തു.

RDO കോടതി മുതൽ ഹൈക്കോടതി വരെ നിരവധി പരാതികൾ ആദിവാസി കുടുംബങ്ങൾ നൽകി . ഇവ കൊണ്ട് ഒന്നും തന്നെ പ്രശ്ന പരിഹാരം സാധ്യമാകാതെ വന്നപ്പോഴാണ് ആദിവാസി ഭാരത് മഹാസഭയുടെ നേതൃത്വത്തിൽ ജൂലൈ 16 മുതൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുന്നതിന് സംഘടന തീരുമാനിക്കുന്നത്. ജനാധിപത്യപരമായി ഒരു സംഘടനക്ക് സമരം ചെയ്യാനുള്ള അവകാശത്തെയാണ് മാഫിയകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഭൂമാഫിയകളുടെ തെമ്മാടിത്തത്തെ ചോദ്യം ചെയ്യാനും മാഫിയകളെ നിലയ്ക്ക് നിർത്താനും ഞങ്ങൾക്കു കഴിയുമെന്ന കാര്യം മാഫിയകളെയും അവർക്ക് കൂട്ട് നില്കുന്ന ഉദ്യോഗസ്ഥ സംഘങ്ങളെയും ഞങ്ങൾ ഓർമ്മപ്പെടുത്തുന്നു. എന്തു തരത്തിലുള്ള പ്രകോപനങ്ങൾ സൃഷ്ടിച്ചാലും ജനാധിപത്യപരമായി ഈ സമരത്തെ മുന്നോട്ട് കൊണ്ടുപോവുക തന്നെ ചെയ്യും. ആദിവാസി ഭാരത് മഹാസഭ രക്ഷാധികാരി ഒണ്ടൻ പണിയൻ, ഭൂസമരസമിതി കൺവീനർ എം.കെ. ഷിബു, പാർട്ടി ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, സി.ജെ. ജോൺസൺ, കെ.ജി. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. കോർപ്പറേറ്റ് – ഭൂമാഫിയ കൂട്ട് കെട്ടിനെതിരെ മുഴുവൻ പുരോഗമന ജനാധിപത്യ ശക്തികളുടെയും പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.