‘റോസ’ മെഗാ അലുംനി മീറ്റിന് ഉജ്വല സമാപനം

Kozhikode

ഫറോക്ക്: ഫാറൂഖ് കോളേജ് കാമ്പസിലെ മാതൃ സ്ഥാപനമായ റൗദത്തുൽ ഉലും അറബിക് കോളേജിൽ 1942 മുതൽ 2025 കാലയളവിൽ പഠിച്ചവരും പഠിപ്പിച്ചവരുമായ പൂർവ്വാധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമ്പൂർണ സംഗമം 2025 ‘റോസ മെഗാ അലുംനി മീറ്റിന് ഗംഭീര സമാപനം. അലുംനി മീറ്റിൻ്റെയും പുതിയ അക്കാദമിക് ബ്ലോക്കിൻ്റെയും ഉദ്ഘാടനം പി കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി കെ അഹമ്മദ് നിർവ്വഹിച്ചു. റോസ പ്രസിഡണ്ട് പ്രൊഫ.പി മുഹമ്മദ് കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു.യു എ ഇ ദാഫിർ ടെക്നോളജീസ് മാനേജിങ് ഡയറക്ടർ ഇ വി ലുഖ്മാൻ മുഖ്യാതിഥിയായി.
റോസ കോഡിനേറ്റർ ഡോ മുസ്തഫ ഫാറൂഖി റോസയുടെ നാൾ വഴികളെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചു. റോസ വിഷൻ സെഷന് ഡോ കെ ജമാലുദ്ദീൻ ഫാറൂഖി നേതൃത്വം നൽകി.മത സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച സംഭാവനയർപ്പിച്ച പ്രൊഫ പി മുഹമ്മദ് കുട്ടശ്ശേരി, പ്രൊഫ എ അബ്ദുൽ ഹമീദ് മദീനി എന്നിവർക്കുള്ള ഉപഹാരം കെ.ആർ.എസ് മാനേജിംഗ് ഡയരക്ടർ സിറാജ് സമർപ്പിച്ചു.

30 വർഷത്തെ സേവനം നൽകി സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് സംഗമം യാത്രയപ്പ് നൽകി.യാത്രയപ്പ് സംഗമം റോസ മീറ്റ് ചെയർമാൻ ഡോ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷഹദ് ബിൻ അലി അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പാൾ പ്രൊഫ. എ അബ്ദുൽ ഹമീദ് മദീനി മുഖ്യപ്രഭാഷണം നടത്തി. 2005-06 പി ജി വിദ്യാർത്ഥികൾ പുറത്തിറക്കിയ നിലാവ് ഓർമപ്പതിപ്പ് ആർ യു എ കോളേജ് മാനേജർ എൻ കെ മുഹമ്മദലിയും
പൂർവ്വ വിദ്യാർത്ഥി ആശിഖ് തേൻകുളം രചിച്ച നോവൽ ‘അബൂസാറ’ പ്രൊഫ പി മുഹമ്മദ് കുട്ടശ്ശേരി മൗലവി കെ എൻ സുലൈമാൻ മദനിക്ക് നൽകി പ്രകാശനം ചെയ്തു.

വിവിധ ബാച്ചുകളുടെ സംഗമം, ‘ഓർമകൾ’ ഫോട്ടോ ഗാലറി, ബുക് ഫെയർ, റോസ ഗൾഫ് മീറ്റ് തുടങ്ങിയവ മീറ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ചു. മീറ്റിൽ ആയിരങ്ങൾ പങ്കെടുത്തു.

ആർ യു എ സി പ്രസിഡണ്ട് പി.ഒ ഹാശിം, ജോ. സെക്രട്ടറി ഡോ വി എം അബ്ദുൽ മുജീബ്, മുൻ പ്രിൻസിപ്പാൾമാർ , പൂർവാധ്യാപകർ, റിട്ടയർഡ് ഓഫീസ് ജീവനക്കാർ, അറബിക് വിഭാഗം മേധാവി ഡോ കെ അബൂബക്കർ കൊമേഴ്സ് വിഭാഗം മേധാവി ഡോ ഫഹദ് പി ,ഹെഡ് അക്കൗണ്ട് അസ്ഗർ അലി പി.ഇ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഡോ പി.കെ ജംശീർ ഫാറൂഖി സ്വാഗതവും ലൈബ്രേറിയൻ കെ ശരീഫ് നന്ദിയും പ്രകാശിപ്പിച്ചു.