ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കാസർഗോഡ് ജില്ലയിലെ നെല്ലിതടത്ത് 11 ഹെക്ടറിൽ സ്ഥാപിച്ച സോളാർ പാർക്ക് പ്രവർത്തന സജ്ജമായി.
കോഴിക്കോട്: പൂർണ്ണമായും സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലുകളായി ഹോസ്പിറ്റലുകളായി ആസ്റ്റർ മിംസ് കോഴിക്കോടും , കണ്ണൂരും. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, റിന്യൂവബിൾ പവർ കോർപ്പറേഷൻ ഓഫ് കേരളയും, യു-സോളാർ ക്ലീൻ എനർജി സൊല്യൂഷൻസുമായി സഹകരിച്ച് കാസർഗോഡ് ജില്ലയിലെ നെല്ലിതടത്ത് സ്ഥാപിച്ച സോളാർ പാർക്ക് പ്രവർത്തന സജ്ജമായി. 11 ഹെക്ടറിൽ 8.5 മെഗാവാട്ട് ശേഷിയുള്ള സോളാർ പാർക്കിൻ്റെ ഉദ്ഘാടനം റിന്യൂവബിൾ പവർ കോർപ്പറേഷൻ ഓഫ് കേരള സി.ഇ.ഒ സജി പൗലോസ് നിർവ്വഹിച്ചു. 18 മാസത്തിനുള്ളിൽ പൂർത്തിയായ സോളാർ പ്ലാന്റ് സിംഗിൾ ഫേസ് രീതിയിലാണ് നിർമ്മിച്ചത്. അത്യാധുനിക മോണോ “പിഇആർസി” സാങ്കേതികവിദ്യ ഉപയോഗിച്ച് ആവിഷ്കരിച്ച പദ്ധതിയിലൂടെ വർഷത്തിൽ 14.03 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കുകയും പ്രതിവർഷം ഏകദേശം 11,590 ടൺ കാർബൺ ഡൈ ഓക്സൈഡിന്റെ ഉദ്ഭവം ഒഴിവാക്കുകയും ചെയ്യുമെന്നും ഇത് പുതുതായി അരലക്ഷം മരങ്ങൾ നട്ട് പരിപാലിക്കുന്നതിന് തുല്യമാണെന്നും സജി പൗലോസ് പറഞ്ഞു. രാജ്യവികസനത്തിന് കൂടുതൽ ശക്തി പകരുന്നതിനായി രാജ്യത്ത് ഉപയോഗിക്കുന്ന എനർജിയുടെ 50%റിന്യൂവബിൾ എനർജി അഥവാ സോളാർ എനർജി ഉപയോഗിക്കുക എന്നതിൽ നിന്ന് പ്രജോധനം ഉൾകൊണ്ടുകൊണ്ടാണ് ഇത്തരം പദ്ധതികളിലേക്ക് ആസ്റ്റർ ഗ്രൂപ്പ് മുന്നിട്ടിറങ്ങിയത്. ഈ സോളാർ പദ്ധതി, പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയിൽ ഹരിത ആരോഗ്യ സേവനങ്ങളെ ലക്ഷ്യമാക്കി ആരോഗ്യസംരക്ഷണം നൽകാനുള്ള ആസ്റ്ററിന്റെ ദൗത്യത്തിലെ ഒരു പ്രധാന ഘട്ടമാണെന്നും , ആരോഗ്യ സേവന ദാതാവെന്ന നിലയിൽ, ആസ്റ്ററിന്റെ ഈ പദ്ധതിയിലൂടെ ഉൽപാദന ചെലവുകൾ കുറയ്ക്കുകയും, കാർബൺ ഫുട്പ്രിന്റ് കുറച്ച് ഊർജ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും കോഴിക്കോട് ആസ്റ്റർ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത് പറഞ്ഞു. ഇന്ന് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന സോളാർ എനർജിയുടെ ചെറിയൊരു പങ്ക് ആസ്റ്റർ ഗ്രൂപ്പിൻ്റെ പ്ലാൻ്റിൽ നിന്നാണെന്നുള്ളത് അഭിമാനമാണെന്നും
അദ്ദേഹം കൂട്ടി ചേർത്തു. പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയിൽ പുനരുപയോഗിക്കാവുന്ന ഊർജ മാർഗങ്ങൾ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്‌ത ഇത്തരം പദ്ധതികൾ ആസ്റ്ററിന്റെ പരിസ്ഥിതി പ്രതിബദ്ധതയെ വ്യക്തമാക്കുന്നെന്ന് യു-സോളാർ മാനേജിങ് ഡയറക്ടർ കെ.ആർ. ഹരിനാരായൺ പറഞ്ഞു. നിലവിൽ സോളാർ പാർക്കിൻ്റെ പ്രവർത്തനത്തിലൂടെ ആസ്റ്ററിന്റെ കോഴിക്കോട്, കണ്ണൂർ യൂണിറ്റുകളുടെ വൈദ്യുതി ആവിശ്യങ്ങൾ നിറവേറ്റിവരുന്നുണ്ട്. ഭാവിയിൽ മറ്റു യൂണിറ്റുകളുടെ പ്രവർത്തനവും പ്ലാൻ്റിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ നിന്നാ യിരിക്കും.
അടുത്ത ഘട്ടത്തിൽ ഈ മാതൃക ആസ്റ്റർ ഗ്രുപ്പിന്റെ കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. നിലവിലെ പദ്ധതിയുമുൾപ്പെടുത്തി ഏകദേശം 36 മെഗാവാട്ട് ശേഷിയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. രോഗികൾക്കും പരിസ്ഥിതിക്കും ഗുണം ചെയ്യുന്ന കൂടുതൽ ഊർജക്ഷമവും സുസ്ഥിരവുമായ ആരോഗ്യ പരിരക്ഷാ മാർഗങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ഉദ്ദേശമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ അസി:ഫിനാൻസ് കൺട്രോളർ സി എ ലക്ഷ്മി ചൗദരിയും പറഞ്ഞു. ചടങ്ങിൽ ഡോ. ഹംസ, ഡോ.എബ്രഹാം മാമൻ , ഡോ.അനൂപ് നമ്പ്യാർ , ശീലാമ്മ ജോസഫ്, ബ്രിജു മോഹൻ,ദീപക് സേവ്യർ, സരിത് നായർ തുടങ്ങിയവർ പങ്കെടുത്തു.