പൈങ്ങോട്ടുപുറം / സൗത്ത് വിരുപ്പിൽ: കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയുടെ 30-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുതിർന്ന മുൻകാല സാക്ഷരത പ്രവർത്തകരെ ആദരിച്ചു. ദേശീയ അധ്യാപക പുരസ്കാര ജേതാവും ജെ.ഡി.ടി. ഇസ്ലാം ഹൈസ്കൂൾ മുന്‍ മലയാളം ഭാഷാധ്യാപകനും സാക്ഷരതാ പ്രവർത്തനത്തിന് കാൻഫഡിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുള്ള കെ. നാരായണൻ നമ്പൂതിരി മാസ്റ്ററുടെ പൈങ്ങോട്ടുപുറത്തുള്ള വസതിയിലായിരുന്നു ആദരം സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യയും എഴുത്തുകാരിയും ദർശനം ഗ്രന്ഥശാല രക്ഷാധികാരിയുമായ സൽമി സത്യാർത്ഥി പൊന്നാട ചാർത്തി.

മറ്റൊരു ശിഷ്യൻ ദർശനം ഗ്രന്ഥശാല പ്രസിഡന്റ് പി. സിദ്ധാർത്ഥൻ വലിയ വായനക്കാരനും വലിയ ഹോം ലൈബ്രറിയുമുള്ള നാരായണൻ നമ്പൂതിരി മാസ്റ്റർക്ക് ഹരിത സാവിത്രിയുടെ കേരള സാഹിത്യ അക്കാദമി നോവൽ പുരസ്കാരം നേടിയ ‘സിൻ’
( മാതൃഭൂമി ബുക്സ്), പ്രൊഫ. തോമസ് മാത്യുവിന്റെ വയലാർ പുരസ്കാരകൃതി ‘മാരാര് : ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം (കേരള സാഹിത്യ അക്കാദമി), ടി.ഡി. രാമകൃഷ്ണന്റെ ‘സംഭാഷണങ്ങൾ’ (ലോഗോസ്), എതിരന്‍ കതിരവന്റെ ‘സിനിമ ബോദ്ധ്യപ്പെടുത്തുന്നത് – മണിച്ചിത്രത്താഴും മറ്റും’
എന്നീ പുസ്തകങ്ങൾ കൈമാറി.
ആദ്യഘട്ട സാക്ഷരതാ പ്രവര്‍ത്തനത്തിന് മുന്നില്‍ നില്‍ക്കുകയും സ്വന്തം ഉടമസ്ഥതയിലുള്ള ബഷീര്‍ മെമ്മോറിയല്‍ മദ്രസ പഠിതാക്കള്‍ക്ക് തുറന്നു നല്‍കുകയും പഠിതാക്കള്‍ക്കും സാക്ഷരതാ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്ത ദര്‍ശനം വൈസ് പ്രസിഡന്റ് കൂടിയായ സി.പി. ആയിഷബിയെയും ആദരിച്ചു. ജൈവകര്‍ഷക കൂട്ടായ്മയുടെ പ്രസിഡന്റ് സി.പി. അബ്ദുറഹ്മാന്‍ ചടങ്ങില്‍ സംബന്ധിച്ചു.
ദർശനം ഗ്രന്ഥശാല സ്ഥാപക പ്രസിഡന്റ് എം.എ. ജോൺസൺ, 30-ാം വാർഷിക സംഘാടക സമിതി വർക്കിംഗ് ചെയർപേഴ്സണും ഒന്നാംഘട്ട സാക്ഷരത കീ റിസോഴ്സ് പേഴ്സണുമായ കെ. കുഞ്ഞാലി സഹീർ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ എന്നിവർ ആശംസ നേർന്നു. ദർശനം വൈസ് പ്രസിഡന്റ് സി.പി. ആയിഷബി, എഴുത്തുകാരി ആബിദ പള്ളിത്താഴം, സംഘാടക സമിതി ജനറൽ കൺവീനർ സതീശൻ കൊല്ലറയ്ക്കൽ, ദർശനം നിർവ്വാഹക സമിതി അംഗങ്ങളായ ശശികല മഠത്തിൽ, എം.എൻ. രാജേശ്വരി, മേരിക്കുട്ടി ശശിധരൻ, ശ്രീനിവാസൻ താഴെ പെരയാട്ടിൽ, കെ.പി. മോഹൻദാസ്, സജീഷ് നാരായൺ (എസ്.എസ്. കെ), ഡോ.റീന എ. എം. എന്നിവർ സംബന്ധിച്ചു.