ജെ ഡി യു കേരള ഘടകത്തില്‍ തമ്മിലടി; സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ആര്‍ ജെ ഡിയില്‍ ലയിച്ചു

Kerala

കോട്ടയം: ജെ ഡി യുവില്‍ നിന്നും ഒരു വിഭാഗം ആര്‍ ജെ ഡിയില്‍ ലയിച്ചു. JDU സംസ്ഥാന പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് തങ്ങളും തങ്ങളോടൊപ്പം കോട്ടയം ജില്ലാക്കമ്മറ്റി ഒന്നാകെയും പാര്‍ട്ടിയില്‍ നിന്നു രാജി വെച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മാന്നാനം സുരേഷ്, ജില്ലാ പ്രസിഡന്റ് പുന്നന്‍ വേങ്കടത്ത് എന്നിവര്‍ അറിയിച്ചു.

സോഷ്യലിസ്റ്റ് ജനത, ജനതാദള്‍ ശക്തികള്‍ ഒന്നാകണമെന്നാണ് ഓരോ സോഷ്യലിസ്റ്റ് ജനതാദള്‍ പ്രവര്‍ത്തകന്റെയും ആഗ്രഹം. എന്നാല്‍ ഈ സാഹചര്യത്തിലേക്ക് പാര്‍ട്ടിയെ എത്തിക്കുവാന്‍ JDU സംസ്ഥാന അദ്ധ്യക്ഷന്‍ യാതൊരു താല്‍പ്പര്യവും കാണിക്കുന്നില്ല. പ്രവര്‍ത്തിക്കുന്ന നേതാക്കളേയും പ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ച് ഒതുക്കുകയും അടിച്ചമര്‍ത്തുകയുമാണ്. പ്രസിഡന്റിന്റെ പ്രതികാര ബുദ്ധിയും ഏകാധിപത്യ പ്രവണതകളും മൂലം പാര്‍ട്ടി ഭാരവാഹികള്‍ക്ക് പ്രവര്‍ത്തിക്കാനും പാര്‍ട്ടി വളര്‍ത്താനും കഴിയാത്ത സാഹചര്യമാണുള്ളത്.

പാര്‍ട്ടി തെരഞ്ഞെടുപ്പു നടത്താന്‍ ആവര്‍ത്തിച്ച് ആവിശ്യപ്പെട്ടിട്ടും മെമ്പര്‍ഷിപ്പ് വിതരണം സുതാര്യമായി നടത്താനോ സംഘടനാ തെരഞ്ഞെടുപ്പു നടത്താനോ പ്രസിഡന്റ് തയ്യാറായില്ല. സഹഭാരവാഹികള്‍ക്ക് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താനോ പ്രാദേശികമായ വിഷയങ്ങളില്‍ പത്രസമ്മേളനം നടത്താനോ പൊതുവിഷയങ്ങളില്‍ പരസ്യപ്രതികരണം നടത്താനോ അനുവദമില്ലാത്ത കേരളത്തിലെ ഏക പാര്‍ട്ടിയാണ് JDU കേരള ഘടകമെന്ന് രാജിവെച്ചവര്‍ ആരോപിക്കുന്നു.

പാര്‍ട്ടി നേതാക്കളെ ചേരിതിരിച്ചു നിര്‍ത്തുന്ന നയമാണ് പ്രസിഡന്റ് സ്വീകരിച്ചിരിക്കുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന യുവജനതാദള്‍ സംസ്ഥാനഘടകം പിരിച്ചു വിട്ടിട്ട് രണ്ടു വര്‍ഷമായി. യുവജന വിഭാഗത്തിനു കമ്മറ്റിയില്ലാത്ത ഏക സംസ്ഥാനമാണ് കേരളം. മഹിളാ ദള്‍ നേതാക്കള്‍ ഏറെയുണ്ടായിരുന്ന പാര്‍ട്ടിയില്‍ അവരെയെല്ലാം ഒഴിവാക്കി സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയെ സംസ്ഥാന ട്രഷറര്‍ ആയി നിയമിച്ച് പാര്‍ട്ടിയെ പോക്കറ്റ് സംഘടനയാക്കുവാനാണ് പ്രസിഡന്റ് ശ്രമിച്ചതന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. യുവ ദളിനും മഹിളാ ദളിനും കര്‍ഷക ദളിനും വിദ്യാര്‍ത്ഥി ദളിനും സംസ്ഥാന പ്രസി ഡന്റുമാര്‍ പോലുമില്ല.

ഓരോ സംസ്ഥാന കമ്മിറ്റിയിലും പുതിയ പുതിയ ഭാരവാഹികള്‍ വരികയും പിന്നീട് അപ്രത്യക്ഷരാവുകയും ചെയ്യുന്ന അപൂര്‍വ്വ പാര്‍ട്ടിയാണ് ഇന്ന് JDU സംസ്ഥാന ഘടകം. മിനുറ്റ്‌സ് എഴുതുന്നത് തുണ്ടു കടലാസിലാണെന്ന് നേതാക്കള്‍ ആക്ഷേപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന കമ്മിറ്റി ചേരാതെ ഏകപക്ഷീയമായി 139 സീറ്റിലും പ്രസിഡന്റ് BJP ക്കു പിന്തുണ പ്രഖ്യാപിച്ചു. ആകെ മത്സരിച്ച ഏക സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു 84 കിട്ടിയതു നാണക്കേടായി. പിന്നീട് അയാളെ ജില്ലാ പ്രസിഡന്റായി നിയമിച്ചു. ഇതിന്റെ പേരില്‍ വലിയൊരു വിഭാഗം പാര്‍ട്ടി വിട്ടു.

പ്രസിഡന്റ് ചുമതലയേറ്റപ്പോള്‍ സംസ്ഥാന ഭാരവാഹികളായി കൂടെ നിയമിക്കപ്പെട്ട 18 സഹഭാരവാഹികളില്‍ 14 പേരും പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് ഒന്നൊന്നായി പാര്‍ട്ടി വിട്ടതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ പാര്‍ട്ടിക്കു പുറത്തു പോകുമ്പോള്‍ ആഹ്ലാദം രേഖപ്പെടുത്തുന്ന ആരും കൂടെയില്ലാത്ത ഏതാനും സംസ്ഥാന ഭാരവാഹികള്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഉണങ്ങിയ മരക്കൊമ്പായി പാര്‍ട്ടി കേരളഘടകം മാറിയിരിക്കുന്നു. നവംബര്‍ മാസത്തില്‍ ചേര്‍ന്ന സംസ്ഥാനക്കമ്മറ്റി കേരള യാത്ര നടത്തുവാന്‍ തീരുമാനിച്ചു. ഏപ്രില്‍ 19 മുതല്‍ 29 വരെ നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

പോസ്റ്ററിംഗും ഫണ്ടു പിരിവും തകൃതിയായി നടന്നു. എന്നാല്‍ ജാഥ തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് മുന്നറിയിപ്പില്ലാതെ പ്രസിഡന്റ് പ്രസ്തുതജാഥ സംസ്ഥാന ഭാരവാഹി യോഗം പോലും ചേരാതെ മേയ് മാസത്തിലേക്കു മാറ്റി. ഇപ്പോഴും ജാഥയുടെ പേരില്‍ ഫണ്ടു പിരിവ് അഭംഗുരം തുടരുകയാണെന്ന് നേതാക്കള്‍ കളിയാക്കി.

പ്രസിഡണ്ടിന്റെ ഏകാധിപത്യ പ്രവണത സഹിക്കാനാവാതെ അവശേഷിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കൂടി പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതരാവുകയാണ്. ഈ സാഹചര്യത്തിലാണ് കോട്ടയം ജില്ലാക്കമ്മറ്റി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിലും സംസ്ഥാന ജനറല്‍ സെക്രട്ടറി മാന്നാനം സുരേഷിന്റെ സാന്നിദ്ധ്യത്തിലും മാര്‍ച്ച് 28ന് ഏറ്റുമാനൂരില്‍ യോഗം ചേര്‍ന്ന് ജില്ലാകമ്മിറ്റി പിരിച്ചു വിടുവാനും കമ്മറ്റിയംഗങ്ങളും എല്ലാവരും ഒന്നടങ്കം JDU വിന്റെ പ്രാധമികാംഗത്വത്തില്‍ നിന്ന് രാജി വെച്ച് RJD യില്‍ ലയിക്കുവാനും തീരുമാനിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു.