ക്വാറി സമരം ജനങ്ങളോടുള്ള വെല്ലുവിളി; നിര്‍മാണ വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ റെഗുലേറ്ററി സംവിധാനം വരും: വ്യവസായ മന്ത്രി

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടാന്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉള്ളതുപോലെ റെഗുലേറ്ററി സംവിധാനം കൊണ്ടുവരാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്ന് വ്യവസായ, ഖനന മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ക്വാറി ഉടമകള്‍ പ്രഖ്യാപിച്ച ക്വാറി അടച്ചിടല്‍ സമരം ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. അടിസ്ഥാനരഹിതമായ കാരണങ്ങളാണ് സമരത്തിനായി ഉന്നയിച്ചിട്ടുള്ളത്. 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ 2023 ല്‍ കാലാനുസൃതമായി ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് റോയല്‍റ്റി നിരക്കുകളില്‍ ചെറിയ വര്‍ധന മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മെട്രിക് ടണ്ണിന് 24 രൂപയുള്ളത് 48 രൂപയാക്കിയാണ് കൂട്ടിയത്. കേന്ദ്ര നിയമമനുസരിച്ച് മൂന്നുവര്‍ഷം കൂടുമ്പോള്‍ വില വര്‍ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ 2015 ന് ശേഷം ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ ചുരുങ്ങിയ വിലവര്‍ധന നടപ്പാക്കിയത്.

ഇക്കാരണം ഉന്നയിച്ചാണ് ക്വാറി ഉടമകള്‍ സമരത്തിനിറങ്ങിയത്. റോയല്‍റ്റി വര്‍ധന കാലാനുസൃതമായി മാത്രമാണെന്ന് വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ മെട്രിക് ടണ്ണിന് 100 രൂപ ഈടാക്കുമ്പോള്‍ കേരളത്തില്‍ ചട്ടഭേദഗതിക്ക് ശേഷവും 48 രൂപയാണ്. എംസാന്‍ഡിന് റോയല്‍റ്റിയിലും ഡീലേഴ്‌സ് ലൈസന്‍സ് ഫീസ് ഇനത്തിലുമായി 2.83 രൂപയാണ് വര്‍ധിപ്പിച്ചത്. മെറ്റലിന് 2.56 രൂപയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇത് ചൂണ്ടിക്കാട്ടി ഭീമമായ വര്‍ധനവാണ് നിര്‍മാണ വസ്തുക്കള്‍ക്ക് ജനങ്ങളില്‍നിന്ന് ക്വാറി ഉടമകളും ഡീലര്‍മാരും ഈടാക്കുന്നത്. റോയല്‍റ്റി വര്‍ധനവിന് ആനുപാതികമായി പരമാവധി ഒന്നോ രണ്ടോ രൂപ വര്‍ധിപ്പിക്കേണ്ടിടത്താണ് അഞ്ചു രൂപ വരെ ക്വാറി ഉടമകള്‍ കൂട്ടിയത്.

സര്‍ക്കാര്‍ ടണ്‍ പ്രകാരമാണ് വില വര്‍ധിപ്പിച്ചതെങ്കില്‍ അടി കണക്കിലാണ് ക്വാറി ഉടമകള്‍ എംസാന്‍ഡും മെറ്റലും മറ്റും വില്‍ക്കുന്നത്. മാത്രമല്ല റോയല്‍റ്റി വര്‍ധന നടപ്പാക്കുന്നതിനു മുമ്പ് തന്നെ നിര്‍മാണ വസ്തുക്കളുടെ വില കൂട്ടിയിരുന്നു. പിഴ സംഖ്യ വര്‍ധിപ്പിച്ചത് ശരിയല്ല എന്നാണ് ക്വാറി ഉടമകളുടെയും ഡീലര്‍ന്മാരുടെയും മറ്റൊരു പരാതി. എന്നാല്‍ നിയമപരമായി ക്വാറി നടത്തുന്നവര്‍ക്ക് ഇതൊരു പ്രശ്‌നമേ അല്ലെന്ന് മന്ത്രി വ്യക്തമാക്കി.

പിഴയും ശിക്ഷയും കുറവായതിനാലാണ് ക്വാറി മേഖലയില്‍ നിയമലംഘനങ്ങള്‍ വ്യാപകമായത്. അത് ഒഴിവാക്കാനാണ് പിഴ വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി ക്വാറി അടച്ചിടാനാണ് ഉദ്ദേശമെങ്കില്‍ ക്വാറികളുടെ പെര്‍മിറ്റിന്റേയും ലീസിന്റേയും കാര്യത്തില്‍ നിയമപരമായി എന്ത് ചെയ്യാനാവും എന്ന് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി രാജീവ് വ്യക്തമാക്കി.

ഈ വര്‍ഷം ഏപ്രിലിന് മുമ്പ് നടന്ന ചട്ടലംഘനങ്ങള്‍ ചട്ടഭേദഗതിക്ക് മുന്‍പുള്ള നിയമം വെച്ചാണ് നടപടി സ്വീകരിക്കുക. ഇതിനു വേണ്ടി പ്രത്യേക അദാലത്ത് നടത്തും. ക്വാറിക്കാര്‍ ഉന്നയിച്ച മറ്റ് പ്രശ്‌നങ്ങളില്‍ പ്രായോഗിക പരിഹാരം സര്‍ക്കാര്‍ ആരായുമെന്നും നിയമം പാലിച്ച് ക്വാറി നടത്തുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.