തിരുവനന്തപുരം: മന്ത്രിമാര്‍ക്കും പ്രമുഖര്‍ക്കും മുന്നില്‍ എ ഐ ക്യാമറകള്‍ മിഴിയടക്കുമെന്നതിനെതിരെ കേസുമായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. സംസ്ഥാനത്ത് എ ഐ ക്യാമറ നിരീക്ഷണത്തില്‍ നിന്നും മന്ത്രിമാരേയും പ്രമുഖരേയു ഒഴിവാക്കിയ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ഉന്നതരെ ഒഴിവാക്കിയത് സാധാരണ പൗരന്മാരോടുള്ള അനീതിയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. സേഫ് കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ 20നാണ് സംസ്ഥാനത്താകെ എ ഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചത്. വേണ്ടത്ര ബോധവത്ക്കരണം നടത്തിയില്ലെന്നാരോപിച്ച് പ്രതിഷേധം ഉയര്‍ന്നതോടെ ഫൈന്‍ ഈടാക്കുന്നതിന് ഒരു മാസം അവധി നല്‍കിയിരുന്നു.
എ ഐ ക്യാമറ നിയമലംഘനത്തില്‍ നിന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങള്‍ ഒഴിവാക്കിയത് പൗരന്മാരെ രണ്ട് തട്ടില്‍ നിര്‍ത്തുന്നതിന് തുല്യമാണെന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചത്. തുടര്‍ന്നാണ് വിഷയത്തില്‍ കേസെടുത്തത്. മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത് റോഡ് നിയമങ്ങളും അപകടങ്ങളും കണ്ടെത്തി പൊതുജനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് എ ഐ ക്യാമറ എന്നാണ്. എന്നാല്‍ വി ഐ പി യാത്രക്കാരെ പിഴയില്‍ നിന്നും ഒഴിവാക്കുന്നതിലൂടെ ഈ വാദം തെറ്റാണെന്ന് വ്യക്തമായി എന്നാണ് പരാതിയിലെ വാദം.