വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
പുളിക്കല്‍: ഭിന്നശേഷിക്കാരുടെ കഴിവുകളെ കണ്ടെത്തി അവര്‍ക്കാശ്യമായ തൊഴില്‍ പരിശീലനവും തൊഴിലവസരവും സൃഷ്ടിക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. പ്രസ്താവിച്ചു. പുളിക്കല്‍ എബിലിറ്റി ക്യാമ്പസില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്റ് ബേസിക് ഇലക്ട്രോണിക് കോഴ്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാര്‍ക്ക് ഏറെ തൊഴിലാവസരങ്ങള്‍ ലഭ്യമാവുന്ന മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്റ് ബേസിക് ഇലക്ട്രോണിക് കോഴ്‌സ് ആണ് പുളിക്കല്‍ എബിലിറ്റി ക്യാമ്പസില്‍ ആരംഭിച്ചത്. ഭിന്നശേഷി ശാക്തീകരണ രംഗത്ത് കഴിഞ്ഞ 14 വര്‍ഷമായി പുളിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരികയും ഈ വര്‍ഷം ഭിന്നശേഷി രംഗത്തെ മികച്ച എന്‍. ജി. ഒക്കുള്ള സംസ്ഥാന അവാര്‍ഡ് അടക്കം വിവിധ അവാര്‍ഡുകള്‍ ലഭ്യമായ എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസേബിള്‍ഡ്, കോട്ടക്കല്‍ ആസ്ഥാനമായി കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യയിലെ പ്രഥമ മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആയ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌ക്കോ, ഫ്യുചര്‍ ഏര്‍ണിങ് ടെക്‌നോളജി പരിശീലനം നടത്തുന്ന പ്രൊജക്റ്റ് എക്‌സ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ സൗജന്യ കോഴ്‌സ് ആരംഭിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യവും ലഭ്യമാണ്.
ബ്രിറ്റ്‌കോ & ബ്രിഡ് കോ കൊണ്ടോട്ടി ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച് മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച ശ്രവണ പരിമിതിയുള്ള ശഹലുറഹ്മാന്‍ എന്ന വിദ്യാര്‍ത്ഥിക്കുള്ള സര്‍ട്ടിഫിക്കേറ്റ് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി വിതരണം ചെയ്തു. എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 10 ശ്രവണ പരിമിതര്‍ എബിലിറ്റിയിലെ 9 അന്തേവാസികള്‍ എന്നിവര്‍ അടക്കം മറ്റു ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 10 പേര്‍ എന്നിവരടങ്ങുന്ന 20 പേര്‍ക്ക് ആണ് പ്രഥമ ബാച്ചില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. ശ്രവണ പരിമിതര്‍ക്കും മറ്റു ഭിന്ന ശേഷിക്കാര്‍ക്കും പ്രത്യേക സെഷനുകളായാണ് ക്ലാസ് നടത്തുക. ശ്രവണപരിമിതര്‍ക്കടക്കം വളരെ എളുപ്പത്തില്‍ പഠിക്കാവുന്ന വളരെ ലളിതമായ പഠനരീതിയാണ് ബ്രിറ്റ്‌കോ & ബ്രിഡ്‌കോയും പ്രൊജക്റ്റ് എക്‌സും സൗജന്യമായി നല്‍കുന്നത്.
എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്രിറ്റ്‌കോ മാനേജിങ് ഡയറക്ടര്‍ മുത്തു കോഴിച്ചെന കോഴ്‌സിനെ പറ്റി വിശദീകരിച്ചു. പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. മുഹമ്മദ് മാസ്റ്റര്‍, ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. അബ്ദുള്ളക്കോയ, ബ്രിറ്റ്‌കോ & ബ്രിഡ് കോ ഡല്‍ഹി മാനേജിങ് ഡയറക്ടര്‍ വി. പി. അബ്ദുള്ളക്കുട്ടി, പ്രൊജക്റ്റ് എക്‌സ് സി. ഇ. ഒ. മുഹമ്മദ് ഷമീം, എബിലിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ചെയര്‍മാന്‍ മുഹമ്മദ് അലി ചുണ്ടക്കാടന്‍, ഹെല്‍പ്പിങ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് വി. സിദ്ദീഖ്, ബ്രിറ്റ്‌കോ കൊണ്ടോട്ടി ബ്രാഞ്ച് ഡയറക്ടര്‍ സുധീര്‍ ചെറുവാടി, ഡി. എ. പി. എല്‍ സ്‌റ്റേറ്റ് പ്രസിന്റ് ബഷീര്‍ മമ്പുറം, ഡോ. മുഹമ്മദ് ഷാനില്‍, അബ്ദുല്‍ വാഹിദ് പി. ടി. എന്നിവര്‍ പ്രസംഗിച്ചു.