ഖനന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാമെന്ന് ഉറപ്പു ലഭിച്ചതായി ക്വാറി ക്രഷര്‍ കോ ഓഡിനേഷന്‍ നേതാക്കള്‍

Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാന ക്വാറി ക്രഷര്‍ കോ ഓഡിനേഷന്‍ നേതാക്കള്‍ വ്യവസായ വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ സെക്രട്ടറി, മൈനിംഗ് ജിയോളജി ഡയറക്ടര്‍ ഡപ്യൂട്ടി ഡയറക്ടര്‍ റവന്യൂ, മൈനിംഗ് ജിയോളജി ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ക്വാറി, ക്രഷര്‍ മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്കിയതായി ക്വാറി, ക്രഷര്‍ കോ ഓഡിനേഷന്‍ നേതാക്കള്‍ പറഞ്ഞു.

കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ ജില്ലകളില്‍ അമിത വില വര്‍ദ്ധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് വ്യവസായ മന്ത്രി യോഗത്തില്‍ നിലപാടെടുത്തു. വിലവര്‍ദ്ധിപ്പിക്കാനിടയായ സാഹചര്യങ്ങള്‍ ക്വാറി ഉടമകളുടെ നേതാക്കളും യോഗത്തില്‍ ഉന്നയിച്ചു. ഗവണ്‍മെന്റ് വര്‍ദ്ധിപ്പിച്ച റോയല്‍റ്റിക്കും ഫീസുകള്‍ക്കും ആനുപാതികമായെ വിലവര്‍ദ്ധിപ്പിക്കാവൂവെന്ന് വ്യവസായ മന്ത്രി കര്‍ശന നിലപാടെടുക്കുകയും നിലവിലെ വിലയില്‍ 5 രൂപയില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് രൂപ വര്‍ദ്ധിപ്പിക്കാനും പട്ടയഭൂമിയിലെ ഖനനം നിയമാനുസൃതമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും
റവന്യൂ ഭൂമിയിലെ ഖനനാനുമതിക്ക് നിയമോപദേശം സ്വീകരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്കി. ക്വാറി, ക്രഷര്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ജനറല്‍ കണ്‍വീനര്‍ എം. കെ. ബാബു, ചെയര്‍മാന്‍ എ. എം യൂസഫ് എക്‌സ്. എം എല്‍. എ, രാജൂ എബ്രഹാം എക്‌സ് എം എല്‍ എ, ഡേവിസ് പാത്താടന്‍, വിനു പോബ്‌സ്, മൈക്കിള്‍ തോമസ്സ്, യു. സെയ്ത്, ജലീല്‍, ഔസേപ്പ്, കലഞ്ഞൂര്‍ മധു എന്നിവര്‍ പങ്കെടുത്തു.