കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kozhikode

കോഴിക്കോട്: കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ നിരൂപകന്‍ ഡോ. കെ വി സജയ് ചെയര്‍മാനും കോഴിക്കോട് സാംസ്‌കാരിക വേദി ചെയര്‍മാനും KLF കോര്‍ഡിനേറ്ററുമായ ഡോ എ കെ അബ്ദുള്‍ ഹക്കീം, നിരൂപക കൊടുവള്ളി ഗവ. കോളേജ് അധ്യാപിക ഡോ. കെ. മഞ്ജു എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് തീരുമാനങ്ങള്‍ കോഴിക്കോട് പ്രസ് ക്‌ളബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. അശോകന്‍ ചരുവിലിന്റെ നോവല്‍ കാട്ടൂര്‍ കടവിനും ലതാലക്ഷ്മിയുടെ ചെറുകഥാ സമാഹാരം ചെമ്പരത്തിക്കും 1000 ദിനം പൂര്‍ത്തിയാക്കിയ ദര്‍ശനം ഓണ്‍ ലൈന്‍ വായനാമുറിക്കുമാണ് പുരസ്‌കാരങ്ങള്‍. 15001 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

അശോകന്‍ ചരുവിലിന്റെ കാട്ടൂര്‍ കടവ് എന്ന നോവല്‍ കേരളത്തിന്റെ ചരിത്രത്തേയും രാഷ്ട്രീയ പരിണാമങ്ങളേയും ജാതി, വര്‍ഗ സംഘര്‍ഷങ്ങളേയും ഏറ്റവും സത്യസന്ധവും സുതാര്യവുമായി സമീപിക്കുന്നു. ഒരു സാമൂഹ്യ ചരിത്രകൃതി എന്നതിനപ്പുറം അത് കേരളത്തിന്റെയും മലയാളി സമൂഹത്തിന്റെയും സാമൂഹ്യ രാഷ്ട്രീയ പുരോഗമനങ്ങളെ അടിസ്ഥാന വര്‍ഗ ജീവിത പരിതസ്ഥിതികളുമായി ചേര്‍ത്തു പരിശോധിക്കുകയും വര്‍ത്തമാന കേരളത്തിന്റെ മൂല്യ സങ്കല്പനങ്ങളെ വിമര്‍ശനബുദ്ധ്യാ സമീപിക്കുകയും ചെയ്യുന്നു. ചരിത്രത്തെ പലവിധത്തില്‍ നാനാവിധമാക്കാന്‍ ശ്രമിക്കുന്ന കാലത്ത് ചരിത്രത്തെ അതിന്റെ സൂക്ഷ്മ തലങ്ങളില്‍ പരിശോധന നടത്തുന്നു എന്നതാണ് കാട്ടൂര്‍ കടവ് എന്ന നോവലിന്റെ പ്രസക്തി. അതേസമയം അതിവൈകാരികതയോ അനാവശ്യമായ വസ്തുതാ നിര്‍മ്മിതിയോ ഒട്ടും ചേര്‍ക്കാതെ ചരിത്രം അത് അര്‍ഹിക്കുന്ന നിഷ്പക്ഷതയോടെ നിര്‍മ്മമതയോടെ സമീപിക്കപ്പെടുന്നു എന്നതാണ് കാട്ടൂര്‍ കടവ് എന്ന നോവല്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന പാഠം. ഒരു കാലത്തെ, അതിന്റെ സൂക്ഷ്മതലങ്ങളില്‍ പുനപരിശോധനയ്ക്ക് വിധേയമാക്കുക എന്നത് നവീന കാലത്തെ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമായി പരിഗണിക്കേണ്ടതുണ്ട്. അപ്രകാരം കേരളീയ നവോത്ഥാനത്തേയും ഇടതുപക്ഷവല്‍ക്കരണത്തേയും ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതിയാണ് കാട്ടൂര്‍ക്കടവ്.

ദരിദ്രരായ ചെമ്പരത്തി കൃഷിക്കാരുടെ കഥ പറഞ്ഞു കൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തിനു സംഭവിച്ച താല്‍ക്കാലിക വര്‍ണ്ണവ്യതിയാനത്തെ വ്യഞ്ജിപ്പിക്കുകയും ചുവപ്പിന്റെ രാഷ്ട്രീയ ചൈതന്യത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്ന ‘ചെമ്പരത്തി’ എന്ന ശീര്‍ഷക രചനയാണ് ലതാലക്ഷ്മിയുടെ കഥാസമാഹാരത്തിലെ മികച്ച കഥകളില്‍ ഒന്ന്. പെണ്‍കാമനകളെ തീക്ഷ്ണമായി ആഖ്യാനവല്‍ക്കരിക്കുന്ന ‘രാക്കുതിരകള്‍’ പോലുള്ള കഥകളും ഉണ്ട്. കഥകളുടെ പ്രമേയ വൈവിധ്യമാണ് ഈ സമാഹാരത്തിന്റെ ഒരു സവിശേഷത. കഥനഭാവനയുടെ സൂക്ഷ്മവിന്യാസത്താല്‍ കൂടുതല്‍ മികവു കൈവരിച്ച രചനകള്‍.
ലോകം മുഴുവന്‍ അടച്ചിടലിലേക്ക് നീങ്ങിയ സന്നിഗ്ധ ഘട്ടത്തില്‍, വായനശാലകള്‍ പൂട്ടിക്കിടന്നപ്പോള്‍ ബദല്‍ എന്ന നിലയില്‍ ആരംഭിച്ചതാണ് ദര്‍ശനം ഓണ്‍ലൈന്‍ വായന മുറി.

അതിപ്രശസ്തരും നവാഗതരുമായ എഴുത്തുകാരെ ചേര്‍ത്ത് നിര്‍ത്തി, അവരുടെയും പ്രസാധകരുടെയും അകമഴിഞ്ഞ പിന്തുണയോടെ ഇന്നും തുടരുകയാണ് സമാനതകളില്ലാത്ത ഈ വായന മുറി. 2023 മേയ് 11 ന് 1000 ദിനം തൊടുന്നു. മേയ് 28ന് തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു പുരസ്‌കാരം വിതരണം ചെയ്യും.

‘ഉള്ളും ഉടലും: സാഹിത്യവും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ പ്രൊഫ.സാറാ ജോസഫ് പ്രഭാഷണം നടത്തും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള എഡ്യൂക്കേഷന്‍ കൗണ്‍സിലാണ് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ 23 വര്‍ഷക്കാലമായി വിദേശ രാജ്യങ്ങളില്‍ അംഗീകാരമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രയിനിംഗ് കോഴ്‌സുകള്‍ നടത്തിവരുന്ന സ്ഥാപനമാണ് കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍. കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ രക്ഷാധികാരി പ്രൊഫ. ശോഭീന്ദ്രന്‍, ജൂറി കമ്മിറ്റി അംഗം ഡോ. കെ മഞ്ജു, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതാപ് മൊണാലിസ, ഡയറക്ടര്‍ സതീശന്‍ കൊല്ലറയ്ക്കല്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.