മന്ത്രി ദേവര്‍ കോവിലില്‍ തങ്ങളെ ഉപദേശിക്കുവാന്‍ വരേണ്ടെന്ന് കെ പി ഇസ്മായില്‍

Kozhikode

കോഴിക്കോട്: വ്യവസായില്‍ നിന്ന് 63 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ മന്ത്രി ദേവര്‍ കോവിലില്‍, തങ്ങളെ ഉപദേശിക്കുവാന്‍ വരേണ്ടെന്ന് ഐ.എന്‍.എല്‍ ഔദ്യോഗിക വിരുദ്ധ ഗ്രൂപ്പിന്റെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.പി. ഇസ്മായില്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വ്യവസായിയില്‍ നിന്ന് 63 ലക്ഷം രൂപ തട്ടിപ്പ് നടത്തിയത് തിരിച്ചു കൊടുക്കുവാന്‍ 2018 ലാണ് വടകര കോടതി വിധി ഉണ്ടായത്. ജില്ലാ കോടതി ഇതിലെ തടവുശിക്ഷ ഒഴിവാക്കി കൊടുത്തു. പണം തിരിച്ചു കൊടുക്കാതെ ഇപ്പോഴതിന് ഹൈക്കോടതിയില്‍ അപ്പീല്‍ പോയ മന്ത്രിയാണ്, ഞങ്ങള്‍ക്ക് ഐ.എന്‍ എല്ലുമായി ബന്ധമില്ല. ഞങ്ങള്‍ പണപിരിവ് നടത്തുന്നുവെന്ന് നാടൊട്ടുക്കും പത്രസമ്മേളനം നടത്തി പറഞ്ഞു നടക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയില്‍ നിന്ന് താല്ക്കാലിക സ്‌റ്റേ മാത്രമാണ് മറുവിഭാഗത്തിന് കിട്ടിയിരിക്കുന്നത്. 22 ന് അതില്‍ അന്തിമ വിധി വരുമെന്നും ഒരു ഇടതു മുന്നണി മന്ത്രിയെക്കുറിച്ച് പറയേണ്ട എന്നു വിചാരിക്കുമ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തി കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

മെയ് 26 ന് കോഴിക്കോട് നടക്കാനിരിക്കുന്ന സെക്കുലര്‍ ഇന്ത്യ റാലി തടയാന്‍ മന്ത്രി നേരിട്ടും മന്ത്രി ഓഫീസിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചും പണിയെടുത്തു കൊണ്ടിരിക്കുകയാണ്. കോഴിക്കോട് സബ് കോടതിയിറക്കിയ ഒരു ഇടക്കാല ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ട് പാര്‍ട്ടിയില്‍ തനിക്കെതിരെ നില്‍ക്കുന്ന ഭൂരിപക്ഷം ഐ എന്‍ എല്‍ പ്രവര്‍ത്തകരെയും നേതാക്കളെയും പരമാവധി ഉപദ്രവിച്ച് കൊണ്ടിരിക്കുകയാണ് മന്ത്രി. കാസിം ഇരിക്കൂറിനെ ഉപയോഗിച്ച് കൊണ്ട് വിവിധ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ മന്ത്രി പരാതികളും കൊടുപ്പിക്കുന്നുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ തന്നെ മുന്‍നിര പ്രവര്‍ത്തകരായ നേതാക്കള്‍ക്കുംപ്രവര്‍ത്തകര്‍ക്കുമെതിരെ ഇടത്പക്ഷ സര്‍ക്കാരിലെ ഒരു മന്ത്രിയും മറ്റും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്നും അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രിയോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയിലെ ഭിന്നതയെ രൂക്ഷവും സജീവവുമാക്കി നിര്‍ത്തുന്ന മന്ത്രിയുടെയും കൂട്ടരുടെയും നടപടിയില്‍ ദുരൂഹതയുണ്ട്. ഇടത് പക്ഷ പ്രസ്ഥാനത്തിന് ക്ഷീണമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യു ന്നവരെ കരുതിയിരിക്കണം.

പാര്‍ട്ടിയില്‍ കയറിപ്പറ്റിയ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഭീമമായ തോതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ വ്യക്തിയാണ് സമദ് നരി പറ്റ. സെക്കുലര്‍ ഇന്ത്യ കാമ്പയിന്റെ ഫിനാന്‍സ് കണ്‍വീനറായി സ്വയം ചുമതലയേറ്റ സമദ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി ഭീമമായ സംഖ്യ പിരിവ് നടത്തിയിട്ടുണ്ട്. അതിനു പുറമെ ബഹ്‌റൈനില്‍ പോയി രണ്ടാഴ്ച താമസിക്കുകയും വലിയൊരു തുക പിരിവെടുക്കുകയും ചെയ്തിട്ടുണ്ട്. പിരിച്ചെടുത്ത സംഖ്യയും കണക്കുകളും മറ്റും ചോദിച്ചപ്പോഴാണ് സമദ് പാര്‍ട്ടി വിട്ടത്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ സമദ് നരിപ്പറ്റക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും ഇദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.കെ. അബ്ദുള്‍ അസീസ്, ബടേരി ബഷീര്‍, ഷെര്‍ മദ് ഖാന്‍ , ഒ.പി. റശീദ്, ബഷീര്‍ അഹമ്മദ് മേമുണ്ട എന്നിവരും പങ്കെടുത്തു.