കോഴിക്കോട്: പാളങ്ങളിലേയും പാലങ്ങളിലേയും അറ്റകുറ്റപണികളുടെ പേരില്‍ തീവണ്ടികളുടെ എണ്ണം നിയന്ത്രിച്ച റെയില്‍ ഓടുന്ന വണ്ടികളില്‍ കയറാനെത്തുന്നവരെ വട്ടം കറക്കി. ഇന്നലെ വിവിധ സ്‌റ്റേഷനുകളില്‍ തീവണ്ടി കയറാനെത്തിയവരെയാണ് ആവശ്യത്തിന് സമയം നല്‍കാതെ യാത്രക്കാരെ വലച്ചത്. തിരൂരില്‍ യാത്രക്കെത്തിയവരുടെ പ്രതിഷേധച്ചൂട് റെയില്‍വെ ജീവനക്കാര്‍ അറിയുകയും ചെയ്തു.
സ്റ്റേഷനുകളിലെത്തുന്ന വണ്ടികള്‍ക്ക് ഓരോയിടത്തും നിശ്ചിത സമയം സ്റ്റോപ്പുണ്ട്. എന്നാല്‍ ഇന്നലെ ഇത് കുറവ് വരുത്തി. ഇക്കാര്യം യാത്രക്കാര്‍ അറിഞ്ഞിരുന്നുമില്ല. വണ്ടികള്‍ കുറവായിരുന്നതിനാല്‍ ഇന്നലെ ഉള്ള വണ്ടികളില്‍ നല്ല തിരക്കുമായിരുന്നു. തീവണ്ടി സ്റ്റേഷനില്‍ എത്തിയതോടെ കുട്ടികള്‍ വണ്ടിയില്‍ കയറി. എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ക്ക് വണ്ടിയില്‍ കയറാനുമായില്ല. കംപാര്‍ട്ടുമെന്‍റുകളിലാകട്ടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം ആളുകളും ഉണ്ടായിരുന്നു. ഇതിനിടെയാണ് നിശ്ചിത സമയം പോലും നിര്‍ത്താതെ കയറിയവരെയും കൊണ്ട് തീ വണ്ടി സ്ഥലം വിടാന്‍ തുടങ്ങിയത്. ഇതാണ് തിരൂരില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. യാത്രക്കാരിയായ ഷെറീന കോയയുടെ നേതൃത്വത്തിലാണ് റെയില്‍വെയുടെ നെറികേടിനെതിരെ സ്ത്രീകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്.
യാത്രക്കാരെ വലച്ചുള്ള പരിപാടി അവസാനിപ്പിക്കണമെന്നും ഇത്തരം നടപടികള്‍ ഇനിയും തുടര്‍ന്നാല്‍ പ്രതിഷേധിക്കുമെന്നും യാത്രക്കാര്‍ മുന്നറിയിപ്പ് നല്‍കി. തിരൂരില്‍ ഇന്നലെ വൈകിട്ട് നാലു മണിക്ക് കല്ലായിലേക്ക് കയറാനെത്തിയവരാണ് റെയില്‍വെയുടെ ക്രൂര വിനോദത്തിന് ഇരയായത്.
മാവേലിക്കര ചെങ്ങന്നൂര്‍ സെക്ഷെനില്‍ റെയില്‍ പാലത്തിന്റെ പണിയും അങ്കമാലി ആലുവ സെക്ഷനില്‍ റെയില്‍ ട്രാക്ക് പ്രവര്‍ത്തികളും നടക്കുന്നതിനാലായിരുന്നു ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ലോകമാന്യ തിലക്, ഗരീബ് രഥ്, പരശുറാം, രാജ്യറാണി, അമൃത എക്‌സ് പ്രസ്സുകള്‍ എന്നിവ റദ്ദാക്കിയിരുന്നു. കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, റൂട്ടിലെ മെമു, സ്‌പെഷ്യല്‍ എക്‌സ്പ്രസുകളും റദ്ദാക്കിയിരുന്നു. ശബരി, കേരള, ഐലന്റ്, ജനശദാബ്ദി, ചെന്നൈ മെയില്‍, ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, ഷാലിമാര്‍ എന്നിവ ആലപ്പുഴ വഴി തിരിച്ചുവിട്ടിരുന്നു. നിരവധി വണ്ടികള്‍ ഇല്ലാതിരിക്കുകയും പലതും ഭാഗികമായി റദ്ദാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഓടുന്ന വണ്ടിയില്‍ ആളുകള്‍ക്ക് കയറാനുള്ള സമയം പോലും നല്‍കാത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.