ഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസ്; അത്‌ലറ്റിക്‌സ് കിരീടം എം ജി സര്‍വകലാശാലയ്ക്ക്

Sports

കോട്ടയം: മൂന്നാമത് ഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസിന്റെ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് ഓവറോള്‍ കിരീടം. ഉത്തര്‍ പ്രദേശിലെ ലഖ്‌നോ, വാരണാസി, ഗ്രേറ്റര്‍ നോയിഡ, ഖരക്പൂര്‍ എന്നിവിടങ്ങളിലായി മെയ് 25ന് ആരംഭിച്ച ഗെയിംസില്‍ 89 പോയിന്റു നേടിയാണ് എം.ജി. സര്‍വകലാശാല അത്‌ലറ്റിക്‌സ് കരുത്തു കാട്ടിയത്. മംഗലുരു സര്‍വകലാശാലയും ശിവജി സര്‍വകലാശാലയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പുരുഷ വിഭാഗത്തില്‍ 49 പോയിന്റോടെ അത് ലറ്റിക്‌സ് ചാമ്പ്യന്‍മാരായ എം.ജി സര്‍വകലാശാല വനിതാ വിഭാഗത്തില്‍ 40 പോയിന്റോടെ രണ്ടാം സ്ഥാനം നേടി.

ആകാശ് എം. വര്‍ഗീസ്(ട്രിപ്പിള്‍ ജംപ്), കെ.എം. ശ്രീകാന്ത്(ലോംഗ് ജംപ്), എം. അനൂപ് (400 മീറ്റര്‍ ഹര്‍ഡില്‍സ്), എ.കെ. സിദ്ധാര്‍ത്ഥ്(പോള്‍ വോള്‍ട്ട്), ആനന്ദ് കൃഷ്ണ(5000 മീറ്റര്‍), എന്നിവരാണ് വ്യക്തിഗത ഇനങ്ങളില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്കു വേണ്ടി സ്വര്‍ണം നേടിയത്. വനിതകളുടെ 4ത100 മീറ്റര്‍ റിലേയില്‍ സോഫി സണ്ണി, അഖിന ബാബു, എ.എസ്. സാന്ദ്ര, വി.എസ്. ഭാവി എന്നിവരുള്‍പ്പെട്ട ടീമും വനിതകളുടെ 4ത400 മീറ്റര്‍ റിലേയില്‍ കെ.ടി. എമിലി, റോഷ്മി ചാക്കോ, ബിസ്മി ജോസഫ്, കെ. സ്‌നേഹ എന്നിവരുള്‍പ്പെട്ട ടീമും സ്വര്‍ണം നേടി.

4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ എം.എസ്. അനന്തുമോന്‍, അരുണ്‍ജിത്ത്, കെ.ടി. എമിലി, കെ. സ്‌നേഹ എന്നിവരടങ്ങിയ ടീം വെള്ളി നേടി. 20 കിലോമീറ്റര്‍ നടത്തത്തില്‍ ബിലിന്‍ ജോര്‍ജും 800 മീറ്ററില്‍ എം.എസ്. അനന്ദുമോനും വെങ്കല മെഡലിന് അര്‍ഹരായി. ഗെയിംസ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെ എട്ട് സ്വര്‍ണവും ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ നിലവില്‍ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് എം.ജി. രാജ്യത്തെ 205 സര്‍വകലാശാലകളില്‍നിന്നുള്ള നാലായിരത്തോളം കായിക താരങ്ങളാണ് 21 ഇനങ്ങളിലായി ഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസില്‍ മാറ്റുരയ്ക്കുന്നത്.