സാവിത്രി ദേവി സാബു മെമ്മോറിയല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ് ആരംഭിച്ചു

Kozhikode

കളിക്കളങ്ങള്‍ക്ക് മൂല്യവത്തായ സംസ്‌ക്കാരമുണ്ടെന്ന് മനുഷ്യവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്

കോഴിക്കോട്: ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്‌ക്കാരം വളര്‍ത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ്. ജില്ല ബാഡ്മിന്റണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇരുപതാമത് സാവിത്രി ദേവി സാബു മെമ്മോറിയല്‍ യോനെക്‌സ് സണ്‍റൈസ് കേരള സ്‌റ്റേറ്റ് ബാഡ്മിന്റണ്‍ റാങ്കിംഗ് പ്രൈസ് മണി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ തോല്‍വിയെ ഭയക്കുന്നു, തോല്‍വിയുടെ സൗന്ദര്യം ആസ്വദിക്കാത്ത ഒരു ജയവും ഉണ്ടാകില്ലന്ന് ബൈജു നാഥ് കൂട്ടിച്ചേര്‍ത്തു.

വി കെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജില്ല പ്രസിഡന്റ് സഞ്ജീവ് സാബു അധ്യക്ഷത വഹിച്ചു. കെ ബി എസ് എ മുന്‍ പ്രസിഡന്റ് എ വത്സലന്‍, ഡോ എന്‍ മാധവന്‍, മണ്ണാറക്കല്‍ മാധവന്‍, യോനക്‌സ് പ്രതിനിധി എം സത്യജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ജില്ല സെക്രട്ടറി ഇ ആര്‍ വൈശാഖ് സ്വാഗതവും ട്രഷറര്‍ കെ ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

14 ജില്ലകളില്‍ നിന്നായി 10 ഇനങ്ങളിലായി 500 ഓളം മത്സാര്‍ത്ഥികളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്.
ദിവസവും രാവിലെ 8 മുതല്‍ രാത്രി 8.30 വരെ ടൂര്‍ണമെന്റ് നടക്കും. അണ്ടര്‍ 19 വിഭാഗത്തിലാണ് ആദ്യ രണ്ട് ദിവസങ്ങളില്‍ മത്സരം. തിങ്കളാഴ്ച സീനിയര്‍ വിഭാഗം മത്സരിക്കും. 8 നാണ് ഫൈനല്‍ മത്സരം.