നീറ്റ് പരീക്ഷയില്‍ താമരശ്ശേരി സ്വദേശിനി ആര്‍ എസ് ആര്യയ്ക്ക് കേരളത്തില്‍ ഒന്നാം റാങ്ക്

Kozhikode

കോഴിക്കോട്: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 23ാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും നേടി താമരശ്ശേരി സ്വദേശിനി ആര്യ ആര്‍ എസ്. അഖിലേന്ത്യാ തലത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്നാം റാങ്കും ആര്യക്കാണ്. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ആര്യ, പൊലീസ് ഉദ്യോഗസ്ഥനായ തൂവ ക്കുന്നുമ്മല്‍ രമേശ് ബാബുവിന്റെയും ഷൈമയുടെയും രണ്ടാമത്തെ മകളാണ്. ചേച്ചി പി ജി വിദ്യാര്‍ഥിനി അര്‍ച്ചന ആര്‍. എസ്. താമരശ്ശേരി അല്‍ ഫോണ്‍ സാ സ്‌കൂളില്‍ നിന്ന് പ്ലസ്ടൂ പൂര്‍ത്തിയാക്കിയ ശേഷം ബ്രില്യന്റ് കോച്ചിംഗ് സെന്ററില്‍ പഠിക്കുകയായിരുന്നു.

720 ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ കേരളത്തില്‍ ഒന്നാമതെത്തിയത്. രണ്ടാം ശ്രമത്തിലാണ് ആര്യയുടെ നേട്ടം. ആദ്യ നീറ്റ് പരീക്ഷയ്ക്ക് കാര്യമായ ഫോക്കസില്ലാതെയായിരുന്നു പഠിച്ചിരുന്നത്. പ്ലസ് ടു വിന് ഉന്നത വിജയം നേടിയ ആര്യ നര്‍ത്തകിയും ഗായികയുമാണ്. സഹോദയ സ്‌കൂള്‍ കലോത്സവത്തിന് മോഹനിയാട്ടത്തില്‍ വിജയം നേടിയിട്ടുണ്ട്.