ശമ്പള പരിഷ്‌ക്കരണത്തില്‍ കാലതാമസം; ബിവറേജസ് ജീവനക്കാര്‍ പണിമുടക്കിലേക്ക്

Thiruvananthapuram

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പണിമുടക്കിലേക്ക്. ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാലതാമസമുണ്ടാക്കുന്നതായാണ് ജീവനക്കാരുടെ പരാതി. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 30നാണ് പണിമുടക്ക്.

തലസ്ഥാനത്ത് നടന്ന യൂണിയനുകളുടെ യോഗത്തിലാണ് പണിമുടക്ക് തീരുമാനിച്ചത്. പൊതുമേഖലയിലും കെ എസ് ബി സിയിലും പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥ തലത്തില്‍ അനാസ്ഥയുണ്ടാകുന്നതായാണ് യൂണിയനുകള്‍ ആരോപിക്കുന്നത്. 2021 ജൂണ്‍ 23ന് കെ എസ് ബി സി ബോര്‍ഡ് ശമ്പള പരിഷ്‌കാര ഫയല്‍ അംഗീകരിച്ച് സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പണുമുടക്കുമായി മുന്നോട്ട് പോകാനുള്ള തീരുമാനം. ഇതിന് മുന്നോടിയായി 20ന് സംയുക്ത ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.