തെയ്യം പശ്ചാത്തലമാക്കിയുള്ള ചിത്രം തിറയാട്ടത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി

Cinema

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: 24 സീനിയര്‍ ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടം തെയ്യം ആശാനായി വേഷമിടുന്ന തിറയാട്ടം എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ചിത്രം തെയ്യം പശ്ചാത്തലമാക്കിയുള്ള വ്യത്യസ്തമായ പ്രണയ കഥയാണ്. നടന്‍ ദിലീപ് ഫെയ്‌സ് ബുക്കിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സജീവ് തന്നെയാണ്. കൗസ്തുഭം, ഹോം ഗാര്‍ഡ്, പ്രേമിക എന്നീ ചിത്രങ്ങള്‍ സംവിധാനം നിര്‍വഹിച്ചതിന് ശേഷമാണ് സജീവ് തിറയാട്ടം സംവിധാനം ചെയ്യുന്നത്. ഗാനരചനയും സംഗീതവും സംവിധായകന്‍ സജീവ് തന്നെ നിര്‍വഹിച്ചിരിക്കുന്നു.

താള മേളങ്ങളുടെ പശ്ചാത്തലത്തില്‍ താള പിഴകളുടെ കഥ പറയുന്ന ചിത്രത്തില്‍ അനാഥത്വത്തിന്റെ വിഹ്വലതകള്‍, പ്രണയം, ദാരിദ്ര്യം, രതി, ജീവിത കാമനകള്‍ എല്ലാം വരച്ചു കാട്ടുന്നു. ജിജോ ഗോപി നായകവേഷം കെട്ടുന്നു. ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷന്‍, നാദം മുരളി, തായാട്ട് രാജേന്ദ്രന്‍, സുരേഷ് അരങ്ങ്, മുരളി, ദീപക് ധര്‍മ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസന്‍ മട്ടന്നൂര്‍, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുല്‍ഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.