നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
തൃശൂര്‍: നെല്‍പ്പാടങ്ങളിലെ ഞാറ്റടിയില്‍ ചിലന്തി മണ്ഡരി വ്യാപനം ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ആള്‍ ഇന്ത്യ നെറ്റ്‌വര്‍ക്ക് പ്രൊജക്റ്റ് ഓണ്‍ അക്കറോളജിയിലെ വിദ്ഗ്ധ സംഘവും ആലത്തൂരിലെ കൃഷിഭവന്‍ വിള ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാട്ടുശ്ശേരി പാടശേഖരത്തിലെ നൗഷാദിന്റെ ജ്യോതി ഇനത്തില്‍ പെട്ട ഞാറ്റടിയില്‍ ചിലന്തി മണ്ഡരികളുടെ രൂക്ഷമായ ആക്രമണം സ്ഥിതീകരിച്ചത്.
സംസ്ഥാനത്തു ഇത് ആദ്യമായാണ് ഞാറ്റടിയില്‍ ചിലന്തി മണ്ഡരികളുടെ ആക്രമണം കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ആലത്തൂര്‍ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍ നടീല്‍ കഴിഞ്ഞ ഒന്നാം വിളയില്‍ ഉമാ, സിഗപ്പി ഇനങ്ങളില്‍ ചിലന്തി മണ്ഡരി വ്യാപനം സര്‍വകലാശാലയിലെ എ ഐ എന്‍ പി എ എ വിഭാഗം രേഖപ്പെടുത്തിയിരുന്നു. കാലാവസ്ഥയിലുണ്ടാകുന്ന അപ്രതീക്ഷിത വ്യതിയാനങ്ങളും ഇടവിട്ടുള്ള മഴയും വെയിലും മണ്ഡരികളുടെ വര്‍ദ്ധനവിന് കാരണമാകുന്നു. മഴയില്ലാത്തതും വരണ്ടതുമായ കാലാവസ്ഥയില്‍ കാണപ്പെടുന്ന മണ്ഡരികള്‍ മഴക്കാലത്തും കാണുന്നത് കര്‍ഷകരെ ഭീതിയിലാഴ്ത്തുന്നു.
ഇലയുടെ അടിഭാഗത്തിരുന്ന് കൂട്ടത്തോടെ നീരൂറ്റി കുടിക്കുകയാണ് ഇവയുടെ ആക്രമണരീതി. മണ്ഡരികള്‍ കൂട്ടത്തോടെ ഇലകളില്‍ പെരുകുമ്പോള്‍ ഇലയിലെ ഹരിതകം നഷ്ടപ്പെടുകയും ഇലകള്‍ നരച്ചു മഞ്ഞളിക്കുകയും തുടര്‍ന്നു കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. നെല്ലിലെ നൈട്രജന്‍ അഭാവം, മറ്റു രോഗലക്ഷണങ്ങള്‍ എന്നിവയുമായി മണ്ഡരി ബാധയുടെ ലക്ഷണങ്ങള്‍ക് സാമ്യമുണ്ട്. അതുകൊണ്ട് തന്നെ മണ്ഡരി ബാധ കൃത്യമായി വേര്‍തിരിച്ചറിയാന്‍ പ്രയാസമാണെന്ന് മണ്ഡരി വിഭാഗം മേധാവി ഡോ. ഹസീന ഭാസ്‌കര്‍ പറഞ്ഞു. പാടശേഖത്തില്‍ സന്ദര്‍ശിച്ചതില്‍ നിന്നും നെല്ലിന് ചുറ്റുമുള്ള വരമ്പുകളിലുള്ള കളകളിലും മുന്‍പ് മുളച്ച നെല്‍ച്ചെടികളിലും മണ്ഡരിയുടെ സാന്നിധ്യം കണ്ടെത്തി. ചെറിയ തോതിലുള്ള കാറ്റും മഴയുടെ അഭാവവും മണ്ഡരികള്‍ നെല്‍ച്ചെടിയില്‍ നിന്ന് അടുത്തത്തിലേക്കും തുടര്‍ന്ന് തൊട്ടടുത്ത ഞാറ്റടിയിലേക്കും വ്യാപിക്കുന്നതിന് സഹായികമായെന്ന് വിലയിരുത്തി.
മണ്ഡരിയുടെ ആക്രമണം രൂക്ഷമായ ഇടങ്ങളിലെ കര്‍ഷകര്‍ക്ക് വിദ്ഗ്ധ സംഘം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നെല്ലോല മണ്ഡരിയുടെ ആക്രമണം മുന്‍പും രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ കര്‍ഷകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മണ്ഡരി വിഭാഗം മേധാവി ഡോ. ഹസീന ഭാസ്‌കര്‍ നിര്‍ദ്ദേശിച്ചു.
മണ്ഡരി ബാധയുടെ ആരംഭഘട്ടത്തില്‍ ഇവയെ നിയന്ത്രിക്കാന്‍ ജൈവ കീടനാശിനികളായ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ മിശ്രിതം അല്ലെങ്കില്‍ അസാഡിറാക്ടിന്‍ അടങ്ങിയ കീടനാശിനി അഞ്ചു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ വെറ്റബിള്‍ സള്‍ഫര്‍ എന്ന മണ്ഡരി നാശിനി ഏക്കറിന് 400 ഗ്രാം 100 ലിറ്റര്‍ എന്ന അനുപാതത്തിലോ കലക്കി തളിക്കാവുന്നതാണ്. കീടനാശിനി തളിച്ച് രണ്ട് ദിവസത്തിന് ശേഷം യൂറിയയോ അല്ലെങ്കില്‍ 19:19 :19 അനുപാതിലുള്ള വളമോ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കാവുന്നതാണ് അല്ലെങ്കില്‍ 10 സെനറ്റ് ഞാറ്റടിയിലേക്കു ഒരു കിലോ യൂറിയ എന്ന തോതില്‍ വിതറുകയോ ചെയ്യാവുന്നതാണ്. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി 0487 2438396 എന്ന നമ്പറിലോ 9447783401 എന്ന നമ്പറിലോ കൃഷിഭവന്‍ മുഖേനയോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.