മുന്നണിയുടെ പേരില്‍ മുമ്പും ലീഗ് ബലികഴിച്ചത് വിശാല താല്‍പര്യങ്ങള്‍: ഐ എന്‍ എല്‍

Kerala

കോഴിക്കോട്: മുണണിയുടെ പേരില്‍ മുമ്പും മുസ്‌ലിം ലീഗ് ബലികഴിച്ചത് പാര്‍ട്ടിയുടെയും അത് പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന്റെയും വിശാല താല്‍പര്യങ്ങളാണെന്നും ബാബരി മസ്ജിദ് വിഷയത്തില്‍ സ്വീകരിച്ച അതേ അബദ്ധജഢിലമായ നിലപാടാണ് ഫലസ്തീന്‍ വിഷയത്തിലും ലീഗ് നേതൃത്വം ആവര്‍ത്തിക്കുന്നതെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കേണ്ടതില്ല എന്ന ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തോടെ ഈ വിഷയത്തില്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസിന്റെ തെറ്റായ നയമാണ് ലീഗും മുറുകെപിടിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കോണ്‍ഗ്രസിനെ ഇപ്പോഴും ലീഗിന് പേടിയാണ്. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച പി.വി നരസിംഹറാവുവിന്റെ തെറ്റായ നയം ഉയര്‍ത്തിപ്പിടിച്ചതോടെ കോണ്‍ഗ്രസും ഇസ്രായേല്‍ പക്ഷത്താണെന്ന തിരിച്ചറിവ് ലീഗിനില്ലാതെ പോയി. റാലിയിലേക്ക് ക്ഷണിച്ചാല്‍ പോകുമെന്ന് ഒരു മുഴം മുന്നേ നീട്ടിയെറിഞ്ഞ മുതിര്‍ന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞതോടെ പാര്‍ട്ടി തലപ്പത്ത് അരങ്ങേറുന്ന ചക്കളത്തിപ്പോരാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ലീഗിന്റെ ഈ കള്ളകളികളുടെ പൊരുളെന്തെന്ന് ജനവും അണികളും നന്നായി മനസ്സിലാക്കുന്നുണ്ടെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.