നീതി ഇനിയുമായില്ല; ഹര്‍ഷിന വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നു

Kerala

കോഴിക്കോട്: നീതിക്കായി നടത്തിയ സമരങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാതെ വന്നതോടെ ഹര്‍ഷിന വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി നവകേരള സദസ്സില്‍ പരാതി നല്‍കുമെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഡിസംബര്‍ 23ന് സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്നും ഹര്‍ഷിന പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ഷിന നീതിക്കായി നേരത്തെ സമരം തുടങ്ങിയത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഹര്‍ഷിന ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സമരം തുടങ്ങാന്‍ തീരുമാനം. കോഴിക്കോട്ടെ നവകേരള സദസ്സില്‍ അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം, പ്രതികളെ പ്രോസിക്യൂട്ട് ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ അനുകൂല തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കില്‍ നവകേരള സദസ്സ് സമാപിക്കുന്ന ഡിസംബര്‍ 23ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ രണ്ടാംഘട്ട സമരം തുടങ്ങും.

തനിക്കൊപ്പമാണെന്ന് ആരോഗ്യമന്ത്രി ഉള്‍പ്പെടെ പലവട്ടം ആവര്‍ത്തിച്ചിട്ടും അനുകൂലമായ തീരുമാനം മാത്രം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് ജില്ല പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഒരു മാസമായിട്ടും ഇതില്‍ നടപടിയില്ല. അഞ്ചുവര്‍ഷം മുമ്പ് പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്.