പട്‌ന: ബീഹാറിലെ ഭരണ മാറ്റത്തിന് പിന്നാലെ ലാലുപ്രസാദ് യാദവിനെ ചോദ്യം ചെയ്ത് ഇ ഡി. ജോലിക്ക് പകരം കോഴയായി ഭൂമി വാങ്ങിയെന്ന കേസിന്റെ പേരിലാണ് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. പട്‌നയിലെ ഓഫീസിലാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍.
ഇ ഡി ഓഫീസിന് പുറത്ത് ഇപ്പോഴും ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയും ഇ ഡി ഓഫീസിന് പുറത്ത് കാത്തിരിക്കുകയാണ്. സിആര്‍പിഎഫ് ഇഡി ഓഫീസിന്റെ സുരക്ഷ ഏറ്റെടുത്തു.
2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ, ലാലു പ്രസാദും കുടുംബവും ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപ്പറ്റിയെന്നാണ് കേസ്. മകന്‍ തേജസ്വി യാദവിനോട് നാളെ ഹാജരാകാനും ഇ ഡി നിര്‍ദേശമുണ്ട്. ലാലു പ്രസാദ് യാദവിനെയും കുടുംബാംഗങ്ങളെയും ഇഡി നേരത്തേയും ചോദ്യം ചെയ്തിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബീഹാറിലെ ഭരണമാറ്റ സാഹചര്യത്തിലും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യലെന്നാണ് ആര്‍ ജെ ഡിയുടെ ആരോപണം.