കണ്ണൂർ: മുസ്ലിം സമുദായത്തെ നിരന്തരം പ്രകോപിപ്പിച്ചുകൊണ്ട്, അതുവഴി രാഷ്ട്രീയ ധ്രുവീകരണം നടത്തി അധികാരത്തിലേറാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങളെ തിരിച്ചറിയണമെന്ന് കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. വിശുദ്ധ റമദാനിന്റെ ഭാഗമായി ജില്ലയിൽ നടത്തുന്ന റമദാൻ പ്രഭാഷണ പരിപാടികളുടെ ഉദ്ഘാടന കർമ്മം കണ്ണൂർ സലഫി മസ്ജിദിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്.അതിനെതിരെ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടമാണ് മതേതര ജനാധിപത്യ വിശ്വാസികൾ ഒരുമിച്ചു നടത്തേണ്ടത്. പൗരത്വ ഭേദഗതി നിയമം, ഏകസിവിൽകോഡ് തുടങ്ങിയ പ്രശ്നങ്ങളെ മുസ്ലിം പ്രശ്നമാക്കി മാത്രം ഒതുക്കി മതേതര മനസ്സുകളെ വിഭജിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കെഎൻഎം റമദാൻ ക്യാമ്പയിൻ ഭാഗമായി പ്രഭാഷണ പരമ്പരകളും ഇഫ്താർ സംഗമങ്ങളും പാവപ്പെട്ടവർക്കുള്ള ഭക്ഷണ ദാനവും സക്കാത്ത് സംഭരണവും വിതരണവും വിവിധ സന്നദ്ധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്
ഇസ്ലാഹി ട്രസ്റ്റ് ചെയർമാൻ പി പി അബ്ദുസ്സലാം അധ്യക്ഷനായിരുന്നു. കെ എൻ എം ജില്ലാ സെക്രട്ടറി ഡോ എ എം ബഷീർ, ഡോ എ വി അബ്ദുള്ള, എം എസ് എം സംസ്ഥാന സെക്രട്ടറി നിഷാന് ടമി ടോൺ, റഷീദ് ചാലാട്, ഡോ എ ഫാറൂഖ്, അബ്ദുസ്സത്താർ കണ്ണൂർ, കെ. നൈസാമുദ്ദീന്, നേതൃത്വം നൽകി ആത്മസംസ്കരണം എന്ന വിഷയത്തിൽ മൗലവി നൗഷാദ് ഉപ്പട ക്ലാസ്സെടുത്തു