വടകര: മാനവികതയാണ് മതത്തിൻ്റെ അന്തസത്തയെന്നും വ്രതാനുഷ്ഠാനം മനുഷ്യനെ വിനയാന്വിതനാക്കുമെന്നും കേരള നദുവത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാധ്യക്ഷൻ ഡോ: ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. കെ എൻ എം വടകര മണ്ഡലം കമ്മിറ്റി സിറ്റി ടവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ എൻ എം കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.കെ പോക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് മുൻ എം എൽ എ പാറക്കൽ അബ്ദുള്ള, നഗരസഭ വൈസ് ചെയർമാൻ സതീശൻ മാസ്റ്റർ, എം. സി വടകര, നഗരസഭ പ്രതിപക്ഷ നേതാവ് വി കെ അസീസ് മാസ്റ്റർ, കൗൺസിലർമാരായ സജീവ് കുമാർ, പ്രേമകുമാരി, തഹസിൽദാർ രഞ്ജിത്ത്, മുൻ നഗരസഭ ചെയർമാൻ കെ പി ശ്രീധരൻ, പുറന്തോടത്ത് സുകുമാരൻ, സുബൈർ കൗസരി, കെ കെ രാജൻ, എൻ കെ എം സകരിയ, ടി.പി മൊയ്തു,കെ പി ഇബ്രാഹിം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വടകരയിലെ മത-സാമൂഹ്യ- സാംസ്കാരിക -രാഷ്ട്രീയ- മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിക്ക് കെ എൻ എം വടകര മണ്ഡലം പ്രസിഡന്റ് എ കെ നസീർ മദനി സ്വാഗതവും പി വി മുഹമ്മദ് ഷനൂദ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഇഫ്താർ വിരുന്നും നടന്നു.