പഴമയിലേക്കൊരു തിരിച്ചു പോക്കായി ത്രിവർണോത്സവത്തിലെ കോഴിക്കോടൻ കിസ്സ

Kozhikode

കോഴിക്കോട് : പഴയ കോഴിക്കോടിൻ്റെ ഗൃഹാതുരത മുറ്റി നിന്ന ഓർമകളിലേക്ക് അല്പനേരം നീണ്ടു നിന്ന ഒരു തിരിച്ചു പോക്കായി മാറി, ഓർമയിലെ കോഴിക്കോട് അഥവാ കോഴിക്കോടൻ കിസ്സ സായാഹ്നം.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഡി സി സി ബീച്ചിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്ക്കുന്ന ത്രിവർണോത്സവത്തോടനുബന്ധിച്ചാണ് കോഴിക്കോടൻ കിസ്സ സംഘടിപ്പിച്ചത്.

നഗരത്തിൻ്റെ സാംസ്കാരിക , സാമൂഹ്യ രംഗത്തെ പ്രഗത്ഭമതികളായ കോഴിക്കോട്ടുകാർ പ്രസംഗകരായി എത്തിയ , ചടങ്ങിൽ ആദ്യമായി ഡോ. എം.കെ. മുനീർ എം.എൽ. എ സംസാരിച്ചു. ജന്മനഗരം എന്നതിനപ്പുറം എന്നെ വ്യക്തിപരമായി ഏറെ സ്വാധീനിച്ച നഗരം കൂടിയായിരുന്നു കോഴിക്കോടെന്ന് എം.കെ. മുനീർ പറഞ്ഞു.

കല്ലായിപ്പുഴക്ക് മുകളിലൂടെയുള്ള പഴയ പാലത്തിൽ ചരക്ക് ചുമടുമായി പോയിരുന്ന മനുഷ്യർക്ക് പോലും ടോൾ ചുമത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. രണ്ടണ യായിരുന്നത്. കാള വണ്ടികൾക്ക് അഞ്ച് അണ, കഴുതകൾക്ക് ആറണയായിരുന്നു. മത്തി ഉണക്കാനിട്ടതു കൊണ്ട് പണ്ട് കോഴിക്കോടിന് മത്തി നഗരം എന്ന പേരുമുണ്ടായിരുന്നുവെന്നും മുനീർ പഴയ കാലത്തെ കോഴിക്കോടിൻ്റെ ചരിത്രത്തെ ഓർമിച്ചെടുത്തു കൊണ്ട് പറഞ്ഞു.

വീട്ടിൽ കാറുണ്ടായിട്ടും കുന്നത്ത്പ്പാലത്തിനപ്പുറത്തേക്ക് റോഡില്ലാത്തതിനാൽ അമ്മയോടൊപ്പം നടന്നു പോകേണ്ടി വന്ന പട്ടണമായിരുന്നതെന്നും മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ ഓർമിച്ചെടുത്തത്.

കഥകളിക്ക് ആദ്യമായി തുടക്കമായത് കോഴിക്കാട്ടു നിന്നാണെന്ന് പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ പറഞ്ഞു. സാമൂതിരിയുടെ കൊട്ടാരത്തിലവതരിപ്പിച്ചിരുന്ന കൃഷ്ണനാട്ടത്തിൽ നിന്നാണ് കഥകളി രൂപം കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല കാര്യങ്ങൾക്കുമപ്പുറം കോഴിക്കോട്ടെ ജനങ്ങളുടെ നന്മയാണ് കോഴിക്കോടിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന്

പ്രഗത്ഭ അഭിഭാഷകൻ അഡ്വ. ഷഹീർ സിംഗ് പറഞ്ഞു. തുലനം ചെയ്യാൻ കഴിയാത്തവിധമുള്ള കോഴിക്കോട്ടുകാരുടെ നന്മക്ക് പകരം വെക്കുവാൻ ഇപ്പോഴും മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ തന്നെ തുല്യതയില്ലാത്ത ഒരു നെയ്ത്തുശാലയായിരുന്നു പഴയ കോഴിക്കോടിൻ്റെ തിലകക്കുറിയായ കോമൺവെൽത്ത് മില്ലെന്ന് പ്രഗത്ഭ ട്രേഡ് യൂണിയൻ നേതാവ് ഗ്രോ വാസുവേട്ടൻ പറഞ്ഞു. സൂട്ടും കോട്ടുമിട്ട് പോലും തദ്ദേശീയരായ തൊഴിലാളികൾ ജോലിക്ക് വന്ന സ്ഥാപനമായിരുന്നതെന്നും അദ്ദേഹം ഓർമിച്ചു.

വൈദ്യശാസ്ത്ര ചികിത്സാ രംഗത്ത് ഏറെ പിന്നിലായിരുന്ന പഴയ കോഴിക്കോടെന്ന് ഈ രംഗത്തെ നിലവിലുള്ള വളർച്ചയുടെ പശ്ചാത്തലത്തിൽ പറയുമ്പോൾ നമുക്കാർക്കും വിശ്വസിക്കുവാൻ കഴിയില്ലെന്ന് ഡോ. കെ. മൊയ്തു പറഞ്ഞു.

ചന്ദ്രികയിലെ തൊഴിലാളികൾ ശമ്പളം ചോദിക്കുമ്പോൾ പോലും തൊട്ടടുത്തെ പൊന്തക്കൊസ്ത പള്ളിയിലെ പാപത്തിൻ്റെ ശമ്പളം മരണമത്രേ എന്നെഴുതി കൊടുക്കുവാൻ തക്ക നർമബോധം ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ചിരുന്ന സി.എച്ച് മുഹമ്മദ് കോയയെ പോലുള്ളവരുടേതായിരുന്നു പഴയ കോഴിക്കോടെന്ന് കവിയും ഗാനരചയിതാവുമായ കാനേഷ് പൂനൂർ പറഞ്ഞു. ഇവരോടാപ്പം പതപ്രവർത്തനം തുടങ്ങാൻ കഴിഞ്ഞുവെന്നതാണ് തന്നെ പോലുള്ളവരുടെ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.

അക്ഷരാർഥത്തിൽ സത്യത്തിൻ്റെ നഗരമന്നെ വിശേഷണം അന്വർഥമാക്കിയ പട്ടണമാണ് കോഴിക്കോടെന്ന് ബഷീറിൻ്റെ മകൻ അനീഷ് ബഷീർ പറഞ്ഞു.

എൻ്റെ പഴയ ഓർമയിൽ ഇന്നും മധുരതരമായി നില്ക്കുന്നത് ബോംബെ ഹോട്ടലിലെ ബിരിയാണിയും വീറ്റ് ഹൗസിലെ ഐസ്ക്രീമുമാണെന്ന് സാമൂഹിക, പ്രവർത്തകയും അഭിഭാഷകയുമായ ആനന്ദ കനകം പറഞ്ഞു. അനേകം കുളങ്ങളുള്ള നഗരമായിരുന്നു കോഴിക്കോടെന്നും അവർ പറഞ്ഞു. ഈ നഗരത്തെ പോലെ തന്നെ ഏറെ നന്മകളുള്ള മുക്കം, കായണ്ണ പോലുള്ള അനേകം ഗ്രാമങ്ങൾ കൂടി അടങ്ങിയതാണ് നന്മയുള്ള കോഴിക്കോടെന്നും അവർ പറഞ്ഞു.

ചടങ്ങിൽ ഡി.സി.സി പ്രസിഡൻ്റ്റ് കെ.പ്രവീൺ കുമാറും സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ. അബൂബക്കർ സ്വാഗതവും ഡി.സി.സി ജനറൽ സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.