വയനാടിന്‍റെ നെഞ്ചകം പിളര്‍ത്തിയ നടുക്കത്തിന്‍റെ രാത്രിയെ വിസ്മരിക്കാന്‍ ശ്രമിക്കരുത്

Opinions

സയ്യിദലി സ്വലാഹി (കെ.എന്‍.എം. വയനാട് ജില്ലാ ദുരിതാശ്വാസ സമിതി കണ്‍വീനറാണ് ലേഖകന്‍ )

ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട നിസ്സഹായരായ ഒരു ജനതയുടെ ദുരന്തദിനങ്ങള്‍ക്ക് ഒരാണ്ട് തികയുന്നു. നാടിന്‍റെ ഭൂപടത്തില്‍ ഇടം കൊടുക്കാത്ത വിധത്തില്‍ ഉരുള്‍ നക്കിത്തുടച്ച വികലമായ ദേശമായി മുണ്ടക്കൈ ചൂരല്‍മല പ്രദേശം മാറി. എല്ലാം വിധിയുടെ പുറംപോക്കിലേക്ക് തള്ളിമാറ്റാമെങ്കിലും ദുരന്ത ഇരകള്‍ നിസ്സഹായതയുടെ കരങ്ങള്‍ ഉത്തരവാദപ്പെട്ടവരിലേക്ക് നീട്ടിക്കൊണ്ടിരിക്കേണ്ടി വരുന്നത് ഇന്നും ദയനീയമായ കാഴ്ചയാണ്.

കൊടുത്തു തീരാത്ത രേഖകള്‍‌ക്കും പറഞ്ഞുതീരാത്ത കണക്കുകള്‍ക്കും അപ്പുറമാണ് ഈ നിസ്സഹായരായ ജനതയുടെ ജീവിത യാതനയെന്ന് ആര് തിരിച്ചറിയും. എന്നാല്‍ കേരളീയ സാമൂഹിക നവോത്ഥാന മണ്ഡലങ്ങളില്‍ നിരന്തരം ഇടപെടുന്ന ഇസ്ലാമിക പ്രസ്ഥാനമായ കേരളാ നദ് വത്തുല്‍ മുജാഹിദീനും അതിന്‍റെ യുവജന, വിദ്യാര്‍ത്ഥി, വനിതാ സംഘനടകള്‍ ഉള്‍പ്പെടെ ദുരന്ത വാര്‍ത്ത അറിഞ്ഞതുമുതല്‍ കാര്യമായ ഇടപെടലുകള്‍ തന്നെ നടത്തി.

പ്രഭാതം വിടരുന്നതിന് മുമ്പ് തന്നെ കെ.എന്‍.എം. സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ജില്ലാ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും ദുരന്തത്തില്‍പ്പെട്ട സഹോദരങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ പ്രവര്‍ത്തകര്‍ സന്നദ്ധമാവണമെന്ന് ഉപദേശിക്കുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. പിന്നീട് ഐ.എസ്.എം. നേതാക്കളായ ശുക്കൂര്‍ സ്വലാഹിയുടെയും സുബൈര്‍ പീടിയേക്കലിന്‍റേയും നേതൃത്വത്തില്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം പ്രദേശത്തെ ഈലാഫ് ടീം എത്തുകയും ചെയ്തു.

ബോഡി കണ്ടെത്തുന്നതിനും അപകടത്തില്‍പ്പെട്ടവരെ ഹോസ്പിറ്റലില്‍ എത്തിക്കാനും മറ്റുള്ളവരെ ക്യാമ്പില്‍ എത്തിക്കാനും മയ്യിത്ത് പരിപാലനത്തിനും വനിതാ വിംഗ് ഉള്‍പ്പെടെ സജ്ജമായിരുന്നു. കുടുംബ വീട്ടില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ കിറ്റ്, വസ്ത്രം മരുന്ന് മറ്റു ആവശ്യമായ സഹായങ്ങളെത്തിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു.
കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. ഹുസൈന്‍ മടവൂരിന്‍റേതടക്കമുള്ള ഇടപെടലും നേതൃത്വവും ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് സമാശ്വാസ സന്ദേശം നല്‍കിയതും അവര്‍ക്ക് ആശ്വാസമായി. പിന്നീട് കെ.എന്‍.എം. ദുരന്ത സോദരങ്ങളെ ചേര്‍ത്ത് പിടിക്കുകയും അതിജീവനത്തിനാവശ്യമായ പുനരധിവാസ്യമായ ഹൃസ്വവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

മൂന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യാമ്പില്‍ താമസിച്ചിരുന്ന 136 കുടുംബങ്ങളെ ഐ.എസ്.എം. ഈലാഫ് ടീമിന്റെ നേതൃത്വത്തില്‍ അനുയോജ്യമായ വാടക വീട് കണ്ടെത്തി ആവശ്യമായ വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ നല്‍കി മാറ്റി താമസിപ്പിക്കുകയുണ്ടായി. സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വേണ്ട 14 ഓട്ടോറിക്ഷ, 28 തയ്യല്‍ മെഷീന്‍ 50 കുടുംബങ്ങള്‍ക്ക് ഉപജീവനം കണ്ടെത്താനാവശ്യമായ പണിയായുധങ്ങള്‍, നാല് കുടുംബങ്ങള്‍ക്ക് ജീപ്പ്, ഉയര്‍ന്ന സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 11 ലാപ്‌ടോപ്പ്, എട്ട് കുടുംബങ്ങള്‍ക്ക് പശുക്കള്‍ എന്നിവയും വാങ്ങി നല്‍കി.

80 കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കി. 14 കുടുംബങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളിലായി തട്ടുകടകള്‍ നിര്‍മ്മിച്ച് നല്‍കി. അഞ്ച് കുടുംബങ്ങള്‍ക്ക് മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തില്‍പ്പെടുന്ന സ്ഥലത്ത് കടകള്‍ വാങ്ങി കച്ചവട സൗകര്യത്തിനാവശ്യമായ സഹായം നല്‍കി.

140 പേര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനാവശ്യമായ സാമ്പത്തിക സഹായം നല്‍കി. കിടപ്പു രോഗികള്‍ക്ക് കിടക്ക, കട്ടില്‍, വീല്‍ചെയര്‍ ഉള്‍പ്പെടെ മറ്റു ഉപകരണങ്ങളും നല്‍കി. നൂറ്റി ഇരുപത്് കുടുംബങ്ങള്‍ക്ക് ആറ് മാസക്കാലയളവില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. 30 കുടുംബങ്ങള്‍ക്ക് ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നു.
ഏറെ പ്രയാസമായ ഒരു കുടുംബത്തിലെ പതിനൊന്ന് അംഗങ്ങള്‍ നഷ്ടപ്പെട്ട നൗഫല്‍ എന്ന സഹോദരന് മേപ്പാടിയില്‍ ആഫ്റ്റര്‍ ജൂലൈ എന്ന പേരില്‍ ഒരു കട തുടങ്ങാന്‍ സഹായിച്ചു. സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത് കൊടുക്കുകയും ചെയ്തു.

കെ.എന്‍.എം. പ്രഖ്യാപിച്ച അന്‍പത് വീടുകളില്‍ ആദ്യവീട് അബ്ദുല്‍ ഗഫൂര്‍ എന്ന സഹോദരന്ന് കല്‍പ്പറ്റയില്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. കല്‍പ്പറ്റ എം.എല്‍.എ. അഡ്വ. ടി. സിദ്ദീഖിന്റെ സാന്നിധ്യത്തില്‍ സംസ്ഥാന പ്രസിഡന്റ് വീടിന്റെ താക്കോല്‍ നല്‍കുകയും ചെയ്തു. അടുത്ത വീട് നിര്‍മ്മാണത്തിനുള്ള സ്ഥലമെടുക്കുകയും ചെയ്തു. കൂടാതെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പ്രാഥമിക കാര്യങ്ങളും നിര്‍വ്വഹിക്കുകയും ചെയ്തു. സംഘടനാ സംവിധാനം നിര്‍വ്വഹിച്ച പരിമിത കാര്യങ്ങളാണ് മേല്‍ സൂചിപ്പിച്ചത്. ഇപ്പോഴും ഭക്ഷണ കിറ്റ് ഉള്‍പ്പെടെ സഹായങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്നുണ്ട്.

ഈ സംരംഭങ്ങള്‍ സംഘടനാ സംവിധാനമുപയോഗിച്ച് നിര്‍വ്വഹിച്ച് പല ദൗത്യത്തിനും സഹായ സഹകരണം നല്‍കിയത് കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ നൂരിഷ സാഹിബിന്റെ നേതൃത്വത്തിലുള്ള എം.സി.എഫ്, എന്ന സംഘവും ഡോ. ഹുസൈന്‍ മടവൂര്‍ സാഹിബിന്റെ പ്രവര്‍ത്തന ഫലമായ തമിഴ്‌നാട്ടിലെ ജമാഅത്തുല്‍ ഖുര്‍ആന്‍ വല്‍ ഹദീസ് (ജാഅ്) എന്ന സംഘടനയും കെ.എന്‍.എം. സെക്രട്ടറി അബ്ദുല്‍ മജീദ് സ്വലാഹിയുടെ നേതൃത്വത്തില്‍ അഹ്്‌ലേ ഹദീസിന്റെ സഹായങ്ങള്‍ എടുത്തുപറയാതെ വയ്യ.

കൂടെ വിവിധ ഇസ്്‌ലാഹി സെന്ററിന്റെയും എം.ജി.എം. സംസ്ഥാന കമ്മിറ്റിയുടേയും ഐ.എസ്.എം. ഈലാഫ് ടീം നിസ്വാര്‍ത്ഥ സേവനങ്ങള്‍ സഹായം ചെയ്തവരാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപനത്തോടെ നിര്‍വ്വഹിക്കാന്‍ നേതൃത്വം നല്‍കിയ സി.കെ. ഉമ്മര്‍ സാഹിബ്, നജീബ് കാരാടന്‍, ഹുസൈന്‍ മൗലവി കണിയാമ്പറ്റ എന്നിവര്‍ ഉള്‍പ്പെടുന്ന വയനാട്ടിലെ പ്രവര്‍ത്തകരുടെ യോജിച്ച പ്രവര്‍ത്തനം സഹായത്തിന് മുതല്‍കൂട്ടായി.
രാഷ്ട്രീയം കളിക്കുന്ന ഇടങ്ങളിലെ ശബ്ദ കോലാഹലം ശ്രദ്ധിക്കാതെ ഈ സംഘടന ഇവിടുത്തുകാര്‍ക്കാവശ്യമായ വീട് നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്.