കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍: ഐ എന്‍ ടി യു സി പ്രതിഷേധ സംഗമം ജൂലൈ 9ന്

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ജനമനസ്സുകളില്‍ നിന്നും ഒറ്റപ്പെട്ട് പ്രതിക്കൂട്ടിലായ കേരള സര്‍ക്കാരിനെയും സി പി എമ്മിനെയും വെളുപ്പിച്ചെടുക്കാന്‍ ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍, വി ഡി സതീശന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ കള്ളക്കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരെ ജൂലൈ ഒമ്പതിന് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കാന്‍ ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള സോളാര്‍ കേസ് കെട്ടിച്ചമച്ചത് പണം നല്‍കിയാണ് എന്ന ഘടകകക്ഷി നേതാവിന്റെ വെളിപ്പെടുത്തല്‍ സംസ്ഥാന സര്‍ക്കാരിനെയും സി പി എമ്മിനെയും പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കാനോ നടപടി എടുക്കാനോ തയ്യാറാവാതെ തുടര്‍ന്നും കെ സുധാകരനെയും വി ഡി സതീശനെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നടത്തുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നത്.

കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ കോണ്‍ഗ്രസ്, ഐ എന്‍ ടി യു സി സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും. ലൈഫ് പദ്ധതിയിലെ ക്രമക്കേടും സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ മുഴുവന്‍ ആശങ്കയിലാക്കിയ വ്യാജ രേഖ തട്ടിപ്പുകളും സംസ്ഥാന സര്‍ക്കാരിനെയും സി പി എമ്മിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിലക്കയറ്റവും ക്രമസമാധാന തകര്‍ച്ചയും കാരണം ജനം പൊറുതിമുട്ടുമ്പോള്‍ മുഖ്യമന്ത്രി പരിവാരങ്ങള്‍ ഉള്‍പ്പെടെ വിദേശയാത്ര നടത്തുന്ന ധൂര്‍ത്തിനെതിരെ കേരള ജനത ഒന്നാകെ പ്രതിഷേധത്തിലാണ്. ഇതില്‍ നിന്നും ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ള കേസുകള്‍ ചുമത്തുന്നത്. തൊഴിലാളികളെയും ബഹുജനങ്ങളെയും അണിനിരത്തി ഇത്തരം ശ്രമങ്ങളെ ചെറുത്തുനോപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു.

ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി എ റെജി, സി ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, ജിനി തോമസ്, പി എന്‍ ശിവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജോസ് പാറപ്പുറം, ഓ ഭാസ്‌കരന്‍, താരിഖ് കടവന്‍, കെ കെ രാജേന്ദ്രന്‍, രാധാ രാമസ്വാമി, അരുണ്‍ ദേവ്, ജോഷി കുരീക്കട്ടില്‍, ശ്രീനിവാസന്‍ തൊവരിമല, കെ എം വര്‍ഗീസ്, പി എം ജോസ്, കെ യു മാനു, ഹര്‍ഷല്‍ കോണാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു