അപൂര്‍വങ്ങളില്‍ അപൂര്‍വ നേട്ടമാണ് യു കെ എഫില്‍ നടന്ന പ്ലെയിസ്‌മെന്‍റ് ഓഫര്‍ ലെറ്റര്‍ വിതരണമെന്ന് ജി എസ് ജയലാല്‍ എം എല്‍ എ

Kollam

കൊല്ലം: പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ പ്ലെയിസ്‌മെന്റിലൂടെ തൊഴില്‍ നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ വിതരണ ഉദ്ഘാടനം ചാത്തന്നൂര്‍ എം എല്‍ എ ജി എസ് ജയലാല്‍ നിര്‍വഹിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടമാണെന്നും, പുതുതലമുറയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ചടങ്ങിനാണ് യു കെ എഫ് കോളേജ് സാക്ഷ്യം വഹിച്ചതെന്നും എം എല്‍ എ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഇ. ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷത വഹിച്ചു. 2020 2024 ബാച്ച് വിദ്യാര്‍ഥികള്‍ക്കായുള്ള ‘മൈ ഡ്രീം ജോബ്’ പദ്ധതിയുടെ ലോഞ്ചിങ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ.അനീഷ്.വി.എന്‍, അക്കാഡമിക് ഡീന്‍ ഡോ. ജയരാജു എം, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ.രശ്മി കൃഷ്ണപ്രസാദ്, പിടിഎ പാട്രണ്‍ എ സുന്ദരേശന്‍, വിദ്യാര്‍ഥി അഞ്ജലി റോയ് എന്നിവര്‍ പ്രസംഗിച്ചു.

ഇരുപതോളം തൊഴിലാളികളുമായി പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനി ആരംഭിച്ച കോളേജിലെ 2018-2022 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളായ സഞ്ചയ്.എച്ച്.പിള്ള, ഹേമാനന്ദ്.എ.എസ് എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. രക്ഷിതാക്കള്‍ വിദ്യാര്‍ഥികള്‍ക്ക് ഓഫര്‍ ലെറ്ററുകള്‍ കൈമാറിയ അസുലഭ മുഹൂര്‍ത്തത്തെയാണ് കോളേജ് ഏറെ സന്തോഷത്തോടെ വരവേറ്റത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ നിന്നായി 300 ല്‍ അധികം ജോബ് ഓഫറുകളാണ് വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയത്. ഇന്ത്യയിലെ മുന്‍നിര കമ്പനികളായ യു എസ് ടി, ഐ ബി എസ്, ടി സി എസ്, അക്കാബ്‌സ്, അക്കാഡിവോ, അലയന്‍സ്, ഓട്ടോബാന്‍ ഭാരത് ബെന്‍സ്, വെബര്‍ഫോക്‌സ് ടെക്‌നോളജി, ഫോര്‍ബ്‌സ് മാര്‍ഷല്‍, നിപ്പോണ്‍ ടൊയോട്ട, ടാറ്റ നെക്‌സോണ്‍, സൃഷ്ടി ഇന്നൊവേഷന്‍സ്, ക്യൂസ്‌പൈഡര്‍, പോപ്പുലര്‍ ഹ്യൂണ്ടായി, പോപ്പുലര്‍ ജെസിബി, സ്‌പെരിഡിയന്‍, ക്ഷേമപവര്‍, നൊവാക് ടെക്‌നോളജി സൊല്യൂഷന്‍സ്, ഇങ്കര്‍ റോബോട്ടിക്‌സ്, ബ്രിഡ്ജ് ഗ്ലോബല്‍, ക്ലേസിസ് ടെക്‌നോളജി, റോബോസ്, ക്രിസ്റ്റലൈന്‍, ഇന്‍വെഞ്ച്വര്‍ ലാബ് തുടങ്ങി നാല്‍പ്പതോളം കമ്പനികളില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ വിതരണമാണ് നടന്നത്.

400ല്‍ പരം തൊളില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് അടുത്ത വര്‍ഷത്തെ ലക്ഷ്യമെന്ന് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് പറഞ്ഞു. പ്ലെയിസ്‌മെന്റുകള്‍ക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് ഇന്റര്‍വ്യൂ ട്രെയിനിങ്, സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ്, ഗ്രൂപ്പ് ഡിസ്‌ക്കഷന്‍, ആപ്റ്റിറ്റിയൂഡ് ട്രെയിനിങ്, മോക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള പരിശീലന പരിപാടികള്‍ കോളേജില്‍ സംഘടിപ്പിച്ചു വരുന്നതായും പ്രിന്‍സിപ്പാള്‍ ഡോ. ഇ ഗോപാലകൃഷ്ണ ശര്‍മ പറഞ്ഞു.