കോഴിക്കോട്: ‘ആവിഷ്‌കാര സ്വാതന്ത്ര്യം ഇസ്ലാമിലും അന്താരാഷ്ട്ര നിയമങ്ങളിലും’ എന്ന വിഷയത്തില്‍ ഇസ്ലാമിക സര്‍വ്വകലാശാലകളുടെ ആഗോള സമ്മേളനം ആഗസ്റ്റ് 24ന് ബുധനാഴ്ച മൊറോക്കോയുടെ തലസ്ഥാനമായ റബാത്തില്‍ ആരംഭിക്കും. മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റി, ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, മദീനാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, മലേഷ്യന്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി തുടങ്ങിയ നൂറോളം പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്നുള്ള അക്കാദമിക് വിദഗ്ധരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
പല രാജ്യങ്ങളിലും ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ മത വിശ്വാസങ്ങളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആഗോള സമ്മേളനം ചേരുന്നത്. വിശുദ്ധ ഖുര്‍ആന്‍ അഗ്‌നിക്കിരയാക്കിയ സംഭവങ്ങള്‍ വരെയുണ്ടായി. മതനിന്ദക്കെതിരെ വിദ്യാഭ്യാസ കരിക്കുലത്തിലും സിലബസ്സിലും സിവില്‍ നിയമങ്ങളിലും ആവശ്യമായ വ്യവസ്ഥകളും ചട്ടക്കൂടുകളും നിര്‍ദ്ദേശിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഇന്ത്യയില്‍ നിന്ന് പ്രമുഖ അറബി ഭാഷാ ഇസ്ലാമിക പണ്ഡിതനും ഡല്‍ഹിയിലെ ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് (HRDF) ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂരാണ് പങ്കെടുക്കുന്നത്.
1969 മുതല്‍ ഈജിപ്തിലെ കെയ്‌റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് മൊറോക്കോവിലെ ഇസ്ലാമിക് വേള്‍ഡ് എജ്യുക്കേഷനല്‍, സയിന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസന്റെ (ISECO) സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടരി ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസ്സയാണ് ഈ ആഗോള സര്‍വ്വകാലാശാലാ സമിതി ചെയര്‍മാന്‍.
അക്കാദമിക തലത്തിലും അറബി ഭാഷാ പ്രചാരണ രംഗത്തും ഇസ്ലാമിക വിജ്ഞാനീയങ്ങളിലും നല്‍കി വരുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് ഡോ. ഹുസൈന്‍ മടവൂരിനെ ഈ ആഗോള സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
മക്കാ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റി, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി, ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബിക്കോളെജ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഹുസൈന്‍ മടവൂര്‍ കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കാലികറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. കേന്ദ്ര സര്‍ക്കാറിന്റെ ഭാഷാ പ്രചാരണ കൗണ്‍സിലിന്റെ അറബി ഭാഷാ വിദഗ്ധ സമിതിയില്‍ അംഗമായിരുന്നു.
ഫാറൂഖ് ആര്‍ യു എ കോളെജില്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ഇപ്പോള്‍ കൊല്ലം ശ്രീനാരായണ ഗുരു സ്‌റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അറബി അക്കാദമിക് കമ്മിറ്റി ചെയര്‍മാനായി സേവനം തുടരുന്നു. ഡല്‍ഹിയിലെ പാര്‍ലിമെന്റ് ഓഫ് ഓള്‍ റിലിജ്യന്‍സ്, ഇന്ത്യാ ഇസ് ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ ലൈഫ് മെമ്പറാണ്. കാലികറ്റ് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സിലിലും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കേരള സംസ്ഥാന തല കോഡിനേറ്റര്‍ ആയും ഡല്‍ഹി ജവര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ചെന്നൈ ബി.എസ്.എ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വ്വകലാശാലകളില്‍ യു.ജി.സി അക്കാദമിക് പ്രോഗ്രാമുകളുടെ റിസോഴ്‌സ് പേഴ്‌സണ്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന സാക്ഷരതാ സമിതി, സംസ്ഥാന വഖഫ് ബോര്‍ഡ് എന്നിവയില്‍ സര്‍ക്കാര്‍ നോമിനേറ്റഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇപ്പോള്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് നരിക്കുനിയിലെ മലബാര്‍ ജാമിഅ ഇസ്ലാമിയ്യയുടെ പ്രിന്‍സിപ്പാളും ആണ് ഡോ. ഹുസൈന്‍ മടവൂര്‍. അമേരിക്ക, ബ്രിട്ടണ്‍, ഈജിപ്ത്, മലേഷ്യ, ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം രാഷ്ട്രങ്ങളില്‍ അറബി ഭാഷയിലും ഇസ്ലാമിക വിഷയങ്ങളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിശ്വാസങ്ങളെയും മൂല്യങ്ങളെയും നിന്ദിക്കുന്നതിന്നെ തിരില്‍ അന്താരാഷ്ട്ര തലത്തില്‍ അവബോധം സൃഷ്ടിക്കാന്‍ ഈ ആഗോള സമ്മേളനം സഹായകരമാവുമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു.