ജിദ്ദ: ഇന്ത്യയുടെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ‘നാനാത്വത്തില്‍ ഏകത്വം ഇന്ത്യയുടെ സൗന്ദര്യം’ എന്ന ശീര്‍ഷകത്തില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദാ ഡിവിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി.
നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും നിലനിര്‍ത്തുവാനും വൈവിധ്യങ്ങളെ കാത്തുസൂക്ഷിക്കുവാനും സാധിക്കുമ്പോള്‍ മാത്രമാണ് രാജ്യത്തിന്റെ സൗന്ദര്യം നിലനില്‍ക്കുകയുള്ളു എന്ന് സെമിനാര്‍ അഭിപ്രായപെട്ടു. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് ഭരണഘടനയില്‍ നല്‍കിയ സ്ഥാനം ലോകത്തിനു തന്നെ മാതൃകയാണ്. മതത്തിന്റെ പേരില്‍ തരം തിരിവ് ഉണ്ടായിക്കൂടാ, ജാതിയുടെ പേരില്‍ ആരും അക്രമിക്കപ്പെടാന്‍ ഇടവരരുത്. ഫാസിസ ഭരണകൂടത്തിന്റെ അതിക്രമങ്ങളെ പ്രതിരോധിക്കുവാന്‍ വിയോജിപ്പുകള്‍ മാറ്റിവെച്ചു എല്ലാവരും ഐക്യപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും സെമിനാറില്‍ പങ്കെടുത്ത നേതാക്കള്‍ ഏക സ്വരത്തില്‍ അഭിപ്രായപെട്ടു. പുതിയ ‘ഇന്ത്യ’ അലയന്‍സ് പ്രതീക്ഷയാണെന്നും അതിനെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒരുമയോടെ കൈകോര്‍ക്കണമെന്നും യുവജന സംഘടനാ നേതാക്കള്‍ അഭിപ്രായപെട്ടു.
ഫോക്കസ് കെയര്‍ മാനേജര്‍ ഷഫീഖ് പട്ടാമ്പി വിഷയാവതരണം നടത്തി. ഇന്ത്യാ എന്ന സുന്ദരമായ ഉദ്യാനത്തിലെ വൈവിധ്യങ്ങളില്‍ നാം അറിയാതെ പാഴ് ചെടികള്‍ മുളച്ചു പൊന്തുന്നത് തിരിച്ചറിയാതെ പോകരുത്, നഷ്ടപെടുമ്പോഴാണ് അനുഭവിച്ചിരുന്ന സൗഭാഗ്യങ്ങളുടെ വില നാം അറിയുന്നത്, നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മധുരം അല്‍പ്പാല്‍പ്പമായി നഷ്ടപെട്ടുകൊണ്ടിരിക്കുന്ന വളരെ അപകടം പിടിച്ച കാലത്താണ് നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്നും ഷഫീഖ് പട്ടാമ്പി പറഞ്ഞു. ഫാസിസത്തിന്റെ ശക്തി എന്ന് പറയുന്നത് സത്യമായിട്ടുള്ള ചരിത്രത്തെ മറച്ചു പിടിക്കുക എന്നതാണ്, അതിനെ പ്രതിരോധിക്കുവാന്‍ ചരിത്രത്തെ തിരിച്ചു പിടിക്കലാണ് നാം ചെയ്യേണ്ട ഏറ്റവും നല്ല പ്രതിരോധ മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വരത എന്നത് സ്വത്ത ബോധത്തെ മറക്കുക എന്നതല്ല അവ നിലനിര്‍ത്തി ബഹുസ്വരതയുടെ കാവലാളവുകയാണ് വേണ്ടതെന്നും ബഹുസ്വരതയാണ് ഭരണഘടനയുടെ സവിശേഷത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇന്ത്യ എന്നും വൈവിധ്യങ്ങളെ അത്ര വേഗം ഇല്ലാതാക്കുവാന്‍ സാധിക്കുകയില്ലെന്നും തുല്യത ഇല്ലാത്ത നമ്മുടെ ഭരണഘടനയില്‍ വിള്ളല്‍ വീഴാന്‍ അനുവദിക്കരുതെന്നും ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ആശങ്ക പെടേണ്ടതില്ലെന്നും ഫാസിസത്തെ തുരത്താന്‍ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള ക്രിയാത്മക പ്രവര്‍ത്തങ്ങള്‍ ആവശ്യമാണെന്നും സെമിനാറില്‍ സംസാരിച്ച മലയാളം ന്യൂസ് എഡിറ്റര്‍ എ. എം സജിത്ത് അഭിപ്രായപെട്ടു. വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സൗന്ദര്യം എന്നും വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഭരണകൂടമാണ് രാജ്യത്തിന് ആവശ്യമെന്നും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി ഫസലുള്ള വെളുവംമ്പാലി പറഞ്ഞു. വിശ്വാസങ്ങളെ നിലനിര്‍ത്തി മാനവികതയില്‍ ഐക്യപെടുമ്പോള്‍ മാത്രമാണ് പൂന്തോട്ടത്തിലെ പുഷ്പങ്ങളെ പോലെ രാജ്യം മനോഹരമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മത രാജ്യമാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റു ശ്രമങ്ങളെ പ്രതിരോധിക്കുവാന്‍ യോജിച്ച മുന്നേറ്റം ആവശ്യമാണെന്നും മതേതരമായി ചിന്തിക്കുന്നവരെ, വര്‍ഗീയമായി ചിന്തിപ്പിക്കുന്ന തലത്തിലേക്ക് എത്തിക്കുവാനുള്ള ആര്‍ എസ്. എസ് ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് നവോദയ യൂത്ത് വിംഗ് പ്രതിനിധി ലാലു വെങ്ങൂര്‍ അഭിപ്രായപെട്ടു.
മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിഭിന്നത ഉടലെടുക്കുവാന്‍ അനുവദിച്ചുകൂടെന്നും വൈവിധ്യങ്ങളെ നിലനിര്‍ത്തി രാജ്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുവാന്‍ പുതിയ പ്രതീക്ഷയായാ ‘ഇന്ത്യ’ അലയന്‍സ് ശക്തി പ്പെടുത്തണമെന്നും ഫാസിസത്തെ തടയിടാന്‍ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും ഫിറ്റ് ജിദ്ദാ പ്രതിനിധി നൗഫല്‍ ഉള്ളാടന്‍ അഭിപ്രായപെട്ടു, വൈവിധ്യങ്ങളെ തകര്‍ക്കലാണ് വിഡ്ഢിത്തമെന്നും ഫാസിസ ഭരണം രാജ്യത്തെ ജനങ്ങളെ ആശങ്കയില്‍ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസം വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് നടപ്പിലാക്കുന്നതെന്നും അതിനെ തടയിടാന്‍ പരസ്പര വിശ്വാസത്തോടെയും ആത്മാര്‍ത്ഥമായ സ്‌നേഹത്തിലൂടെയും ഐക്യപ്പെടുകയാണ് വേണ്ടതെന്നും യൂത്ത് ഇന്ത്യാ പ്രതിനിധി ഉമറുല്‍ ഫാറൂഖ് പറഞ്ഞു. അഷ്‌റഫ് മോങ്ങം ഗാനമാലപിച്ചു, ഫോക്കസ് ജിദ്ദ ഓപ്പറേഷന്‍ മാനേജര്‍ ഷറഫുദ്ദീന്‍ മേപ്പാടി ആമുഖ ഭാഷണം നിര്‍വഹിച്ചു.