നബാര്‍ഡിന്‍റെ സഹായത്തോടെയുള്ള സൗജന്യ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ് കോഴ്‌സ് ആരംഭിച്ചു

Wayanad

മേപ്പാടി: നബാര്‍ഡിന്റെ സഹായത്തോടെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റര്‍ വളന്റീയേഴ്‌സും കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ അംഗീകാരമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് ആരംഭിച്ചു. എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നബാര്‍ഡ് വയനാട് ജില്ലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജിഷ വടക്കന്‍പറമ്പിലിന്റെ സാന്നിധ്യത്തില്‍ മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി എന്‍ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

തികച്ചും സൗജന്യമായി നടത്തുന്ന ഈ കോഴ്‌സിന്റ ദൈര്‍ഘ്യം ആറു മാസമാണ്. എസ് എസ് എല്‍ സി യോഗ്യതയുള്ള 18 നും 35നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഇതിന് അപേക്ഷിക്കാം. കേവലം ആറ് മാസം കൊണ്ട് ആരോഗ്യ മേഖലയില്‍ ഒരു പ്രൊഫഷണല്‍ ആകാം എന്നത് ഈ കോഴ്‌സിന്റെ പ്രത്യേകതയാണ്. ഡി ജി എം സൂപ്പി കല്ലങ്കോടന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഡി ജി എം ഡോ. ഷാനവാസ് പള്ളിയാല്‍, ആസ്റ്റര്‍ വളന്റീര്‍സ് മലബാര്‍ മേഖല ലീഡ് മുഹമ്മദ് ഹസീം ആസ്റ്റര്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഗിരീഷ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744282362 ല്‍ വിളിക്കുക.