പൂനൂര്‍ പുഴ: ബോധവല്‍ക്കരണ സന്ദേശ യാത്രക്ക് തുടക്കമായി

Kozhikode

കൊടുവള്ളി: പുഴ കയ്യേറ്റവും മാലിന്യ നിക്ഷേപവും വഴി അനുദിനം നശിക്കുന്ന പൂനൂര്‍പുഴയെ സംരക്ഷിച്ചു നിര്‍ത്തുന്നതിന്റെ ആവശ്യകതജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സേവ് പൂനൂര്‍ പുഴ ഫോറത്തിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പൂനൂര്‍ പുഴ ബോധവല്‍ക്കരണ സന്ദേശ യാത്രക്ക് തുടക്കമായി. പുഴയുടെ ഉത്ഭവ സ്ഥാനമായ ചീടിക്കുഴി അരീക്കര കുന്ന് മുതല്‍ പുഴ അവസാനിക്കുന്ന ഏലത്തൂര്‍ പഞ്ചായത്തിലെ അകാലപുഴ വരെയാണ് 58.5 കിലോമീറ്റര്‍ പുഴയോര പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പുഴയറിവുകള്‍ പങ്കിടുകയും പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നത്.

പരിസ്ഥിതി പ്രവര്‍ത്തകര്‍, പുഴ സംരക്ഷണ സമിതികള്‍, വിവിധ റസിഡന്‍സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും യാത്രയില്‍ പങ്കാളികളാണ്. താമരശേരി താലൂക്ക് തഹസില്‍ദാര്‍ ജാഥ ക്യാപ്റ്റന്‍ റഷീദ് പൂനൂരിന് പതാക കൈമാറി ഫ്‌ലാഗ് ഓഫ് ചെയ്തു.

സേവ് പൂനൂര്‍ പുഴ ഫോറം ചെയര്‍മാന്‍ പി.എച്ച് ത്വാഹ അധ്യക്ഷത വഹിച്ചു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഹമ്മദ് മോയത്ത്, ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടി, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സാജിദത്ത് ഫോറം സെക്രട്ടറി അഡ്വ.കെ. പുഷ്പാംഗദന്‍, അഷ്‌റഫ് വാവാട്, ലാലി രാജു, പത്മനാഭന്‍, ഡെയ്ജ അമീന്‍, പ്രതീഷ് കുമാര്‍, അബ്ദുറഹിമാന്‍, ലത്തീഫ് പൂളക്കാടി, വില്‍സന്റ്, റഷീദ് പൂനൂര്‍ സംസാരിച്ചു. എ. ബലരാമന്‍ സ്വാഗതവും ജാഥാ കണ്‍വീനര്‍ മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.

യാത്ര നാളെ വൈകുന്നേരം കക്കോടിയില്‍ സമാപിക്കും.