മാലിന്യ സംസ്‌കരണം, കല്പറ്റ നഗരസഭയ്ക്ക് ദേശീയ പുരസ്‌കാരം

Wayanad

കല്പറ്റ: ശാസ്ത്രീയമായ മാലിന്യസംസ്‌കരണീ നടപ്പാക്കിയതിന് കല്പറ്റ നഗരസഭക്ക് ദേശീയ അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാറിന്റെ സ്വച്ഛഭാരത് മിഷന്‍ നടത്തിയ സര്‍വേ റാങ്കിങ്ങില്‍ 1333 പോയിന്റ് നേടിയാണ് കല്പറ്റ നഗരസഭ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. സോണല്‍ റാങ്കിങ്ങില്‍ 58 ഉം സംസ്ഥാനത്തെ രണ്ടാമത്തെ മുനിസിപ്പാലിറ്റിയുമാണ് കല്പറ്റ.

കമ്പ്യുട്ടര്‍ സാക്ഷരതയിലൂടെ ഇ. മുറ്റം നടപ്പാക്കി അംഗീകാരം നേടിയ സ്ഥസ്ഥാനത്തെ ഏക നഗരസഭയാണ് കല്പറ്റ. മൂന്ന് വര്‍ഷത്തിനിടയില്‍ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ കല്പറ്റ സ്വന്തമാക്കി. സംസ്ഥാനജില്ലാ അംഗീകാരങ്ങളും കല്പറ്റയെ തേടിയെത്തി. വെളിയിട വിസര്‍ജ്ജന സംസ്‌കരണത്തിന് ഒ. ഡി. എഫ് പ്ലസ്പ്ലസ് ദേശീയ പുരസ്‌കാരം നേടിയെടുത്ത കേരളത്തിലെ 87 മുനിസിപ്പാലിറ്റികളില്‍ ഏക നഗരസഭ കല്പറ്റയാണ്.

നഗര മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്ക്് രണ്ട് തവണ ദേശീയ കായകല്‍പ്പ അവാര്‍ഡും കല്പറ്റക്ക് ലഭിച്ചു. പ്രവൃത്തന മികവിനുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ജില്ലയിലെ ആദ്യ നഗരസഭയാണ് കല്പറ്റ.

കല്പറ്റ നഗരസഭ സ്വന്തമാക്കിയ അംഗീകാരങ്ങള്‍> ഒ.ഡി.എഫ് പ്ലസ് പ്ലസ് ദേശീയ പുരസ്‌കാരം, ആരോഗ്യരംഗത്തെ മികവിന് രണ്ട് തവണ കായകല്‍പ അവാര്‍ഡ്, കോവിഡ് പ്രതിരോധ ഏകോപനത്തിന് സംസ്ഥാന അംഗീകാരം, ഊരുകളില്‍ മൊബൈല്‍ വാക്‌സിനേഷന് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യ നഗരസഭ, പദ്ധതി വിനിയോഗത്തില്‍ ജില്ലയിലെ നഗരസഭകളില്‍ ഒന്നാം സ്ഥാനം, പദ്ധതി വിനിയോഗത്തില്‍ സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ പതിമൂന്നാം സ്ഥാനം, പതിനെട്ട് വയസിന് മുകളില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭ, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം: ജില്ലാ വ്യവസായ കേന്ദ്രം അവാര്‍ഡ്, മികവിനുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ജില്ലയിലെ ആദ്യ നഗരസഭ,

ക്ലീന്‍ കല്പറ്റ, ഗ്രീന്‍ കല്പറ്റ

അടിസ്ഥാന സൗകര്യവികസനവും ശുചിത്വവും ഉറപ്പാക്കി പ്രദേശവാസികള്‍ക്കും സഞ്ചാരികള്‍ക്കും നവ്യമായൊരു അനുഭവം പകരുകയാണ് കല്പറ്റ നഗരം. നഗരവീഥികളില്‍ തിളങ്ങി നില്‍ക്കുന്ന വെളിച്ചസംവിധാനങ്ങള്‍, റോഡോരങ്ങളിലെ വര്‍ണച്ചെടികള്‍, തുടങ്ങി മുഖം മാറിയ കല്പറ്റ സാധ്യമാക്കുന്നതില്‍ നഗരസഭ ഭരണസമിതിയുടെ പങ്ക് ചരിത്രപരമാണ്.

വഴിയോരങ്ങളിലെ വര്‍ണച്ചെടികള്‍

കല്പറ്റ നഗരത്തിലെത്തുന്നവരെ വരവേല്‍ക്കാന്‍ റോഡോരങ്ങളില്‍ വിടര്‍ന്ന് നില്‍ക്കുന്ന വര്‍ണ ചെടികള്‍ മനോഹര കാഴ്ചയാണ്. 1,800ലധികം ചെടികളാണ് ജനമൈത്രി സ്‌റ്റേഷന്‍ മുതല്‍ നഗരത്തിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. ഗ്രീന്‍ കല്‍പ്പറ്റയുടെ മുഖമാണ് ഇന്നീ വര്‍ണചെടികള്‍.

ചിത്ര നഗരിയാവാന്‍ കല്പറ്റ

ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെയുള്ള ചിത്ര നഗരി പദ്ധതിക്ക് തുടക്കമായി. നഗരത്തിന്റെ പ്രധാന നിരത്തുകളില്‍ പരസ്യ ബോര്‍ഡുകള്‍ കൊണ്ടും പോസ്റ്ററുകള്‍ കൊണ്ടും വൃത്തിഹീനമായി കിടക്കുന്ന ചുമരുകളും കലുങ്കുകളും ചിത്രം വരച്ച് മനോഹരമാക്കുന്നതാണ് പദ്ധതി.

മാലിന്യമുക്തം, ശുചിത്വ നഗരം മാലിന്യത്തോട് ബൈ പറഞ്ഞ് ഹരിത ബയോപാര്‍ക്ക്.

മാലിന്യപ്രശ്‌നത്തിന് പരിഹാരമായ ഹരിത ബയോപാര്‍ക്ക് നഗരസഭയുടെ മികച്ച നേട്ടങ്ങളിലൊന്നാണ്. കേരളത്തിലെ ഏറ്റവും വിശാലമായ മാലിന്യ സംസ്‌കരണ പ്ലാന്റാണ് വെള്ളാരംകുന്നില്‍ സ്ഥാപിച്ചത്. ഇതോടെ സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെയും ജില്ലയിലെ ആദ്യത്തെയും നഗരസഭയായി കല്‍പ്പറ്റ. 1 കോടി 10 ലക്ഷം രൂപയാണ് ഇതിനായി ചെലായത്. വെള്ളാരംകുന്നിലെ ഹരിത ബയോപാര്‍ക്കില്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും (എം.സി.എഫ്), വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവര്‍ത്തിപ്പിക്കാനുള്ള വിശാലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വീടുകള്‍തോറും ബയോ ഡൈജസ്റ്റര്‍ പോട്ട്

ക്ലീന്‍ കല്‍പ്പറ്റ പദ്ധതിയുടെ ഭാഗമായി ജൈവ സംസ്‌കരണ ഭരണി (ബയോ ഡൈജസ്റ്റര്‍ പോട്ട്) നഗരസഭയുടെ നേതൃത്വത്തില്‍ 800 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വിതരണം നടത്തി. വീടുകളിലുണ്ടാവുന്ന അടുക്കള മാലിന്യം ഉറവിടങ്ങളില്‍ സംസ്‌കരിച്ച് ജൈവ വളമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മാതൃകയായി തുമ്പൂര്‍മുഴി മോഡല്‍.

സമ്പൂര്‍ണ ശുചിത്വമെന്ന ലക്ഷ്യത്തിനായി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ഉറവിട മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ മൂന്നിടങ്ങളില്‍ സജ്ജമായി.

മിനി എം.സി.എഫ്.

വെള്ളാരംകുന്നിലെ ഹരിത ബയോപാര്‍ക്കിലേക്ക് വാര്‍ഡുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ ആരംഭിച്ച പദ്ധതിയാണ് മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ (മിനി എം.സി.എഫ്). നഗരസഭ പരിധിയിലെ 57 കേന്ദ്രങ്ങളില്‍ എം.സി.എഫ് സ്ഥാപിക്കുന്നത്. പദ്ധതിക്കായി 27.5 ലക്ഷം രൂപയാണ് ചിലവഴിച്ചത്.

മാലിന്യ ശേഖരണത്തിന് ടിപ്പറുകളും ഇലകട്രിക് ഓട്ടോകളും.

22 ലക്ഷം ചിലവഴിച്ച് ടിപ്പറും ഐ.സി.ഐ.സി ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് രണ്ട് ഇലക്ട്രിക് ഓട്ടോകളും നഗരത്തിലെ മാലിന്യം ഉറവിടങ്ങളില്‍ നിന്ന് തന്നെ ശേഖരിക്കുന്നതിന് സജ്ജമാക്കാനായി. ഹരിത കര്‍മ്മ സേന. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.

നഗരസഭയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ക്ലീന്‍ കല്‍പ്പറ്റ ഗ്രീന്‍ കല്‍പ്പറ്റ പദ്ധതിക്കും മാലിന്യ ശേഖരണം സംസ്‌കരണം, ഉറവിട മാലിന്യ സംരക്ഷണം എന്നിവയെല്ലാം ജനകീയമായും സമയബന്ധിതമായും നടപ്പാക്കാനായി. ഉറവിട മാലിന്യ സംസ്‌കരണത്തിന് പുതിയ പദ്ധതികള്‍ ജനകീയ പങ്കാളിത്തത്തോടെ ആവിഷ്‌കരിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.

ശുചിത്വമിഷന്‍, ഹരിത കര്‍മ്മ സേന, ക്ലീന്‍ കേരള, വ്യാപാരി വ്യവസായി ഏകോപന സമിതി, സന്നദ്ധ സംഘടനകള്‍, ശുചീകരണ തൊഴിലാളികള്‍,നഗരസഭ ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കൂട്ടായ്മയിലൂടെയാണ് ദേശീയ പുരസ്‌കാരം നേടാനായതെന്നും ചെയര്‍മാന്‍ പറഞ്ഞു.