ചാണക്യനീതി

Articles

വി ആർ അജിത് കുമാര്‍

ഭാഗം 04

ജീവിച്ചിരിക്കുന്ന ഒരു അവിശ്വാസി ശവശരീരത്തിന് തുല്യമാണ്. എന്നാല്‍ ഭക്തനായ ഒരാള്‍ മരണത്തിന് ശേഷവും ജീവിക്കും.
2.32
സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്നവര്‍ക്ക് നാല് തരം ഗുണമേന്മകളുണ്ടാകും. അവര്‍ ദാനശീലരും മാന്യമായ ഭാഷ പ്രയോഗിക്കുന്നവരും തികഞ്ഞ ദൈവവിശ്വാസികളും ബ്രാഹ്മണര്‍ക്ക് സേവ ചെയ്യുന്നവരും ആയിരിക്കും.
(ബ്രാഹ്മണന്‍ എന്നതുകൊണ്ട് വേദങ്ങളില്‍ അറിവ് നേടിയവന്‍ എന്നാണോ അതോ ജന്മം കൊണ്ടുള്ള ബ്രാഹ്മണത്തമാണോ ചാണക്യന്‍ ഉദ്ദേശിക്കുന്നത് എന്നറിയില്ല. ഏതായാലും അഞ്ചുതരം മനുഷ്യരെ കുറിച്ച് പുസ്തകത്തില് പറയുന്നുണ്ട്. വേദപാണ്ഡിത്യമുള്ള, യജ്ഞവും പൂജയും ചെയ്യുന്ന ബ്രാഹ്മണന്‍, യോദ്ധാക്കളായ ക്ഷത്രിയര്‍, കച്ചവടം നടത്തുന്ന വൈശ്യര്‍, പലവിധ തൊഴിലുകള്‍ ചെയ്യുന്ന ശൂദ്രര്‍, മൃഗങ്ങള്‍ക്കും പിന്നിലായി കണക്കാക്കപ്പെടുന്ന ചണ്ഡാളര്‍)
2.33
അതികോപിഷ്ടരും മോശം വാക്കുകള്‍ പ്രയോഗിക്കുന്നവരും ബന്ധുജനങ്ങളോട് ശത്രുത പുലര്‍ത്തുന്നവരും അവിശ്വസ്തരും അശുദ്ധരുമായി സൌഹൃദം പുലര്‍ത്തുന്നവരും അപമാനകരമായ സേവനങ്ങള്‍ ചെയ്യുന്നവരും നരകത്തില്‍ നിന്നും ഭൂമിയില്‍ എത്തിപ്പെട്ടവരാണ്.
2.34
മറ്റെല്ലാ ജീവികളേയുംപോലെ മനുഷ്യര്‍ക്കും വിശപ്പും ഉറക്കവും ഭയവും ഇണചേരലും പൊതുസ്വഭാവമാണ്. ബുദ്ധിയാണ് അവനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്. ബുദ്ധിയില്ലാത്തവന്‍ മൃഗത്തിന് തുല്യനാണ്.
2.35
വിദ്യാഭ്യാസവും വ്രതവും അറിവും നല്ല സ്വഭാവഗുണങ്ങളും ദയാശീലവും ഇല്ലാത്തവന്‍ മനുഷ്യരൂപം പൂണ്ട മൃഗമാണ്, അവന്‍ ഭൂമിക്ക് ഭാരവുമാണ്.
2.36
മനുഷ്യനെ ബന്ധിച്ചുനിര്‍ത്തുന്ന വിചിത്രങ്ങളായ ചങ്ങലകള്‍ അനേകമുണ്ട്. പ്രണയബന്ധമാണ് ഇതില്‍ ശക്തമായത്. ഒരു തടിപോലും തുളയ്ക്കാന്‍ ശക്തിയുള്ള വണ്ട് താമരയോടുള്ള ഭ്രമം കാരണം അതിന്‍റെ ഇതളുകളില്‍ ഒതുങ്ങുന്നപോലെ, അസാധാരണ കഴിവുകളുള്ള പല മനുഷ്യരും ബന്ധപാശത്തില്‍ കുരുങ്ങി ജീവിതം ഹോമിക്കുന്നു.
2.37
തിരിച്ചറിവുള്ള മഹത്തുക്കളുടെ ഉപദേശം സ്വീകരിച്ച് ജീവിക്കുന്നവര്‍ക്ക് സംസാരസാഗരം നീന്തിക്കടക്കാന്‍ സാധിക്കും. എന്നാല്‍ സ്വന്തം അഹന്ത ഉപേക്ഷിക്കാത്തവന്‍ ആ സാഗരത്തില്‍ മുങ്ങിത്തന്നെ കിടക്കും.
2.38
നല്ല കര്‍മ്മങ്ങളാണ് ചെയ്യുന്നതെങ്കില്‍ ആ ജീവിതം ഒരു നിമിഷത്തേക്കാണെങ്കില്‍ പോലും ധന്യമാണ്. മറ്റുള്ളവര്‍ക്ക് ദുരിതം മാത്രം നല്‍കുന്നവന്‍ എത്രകാലം ജീവിച്ചാലും അത് പ്രയോജനശൂന്യമാണ്.
2.39
ബ്രാഹ്മണന്‍ കഴിച്ചതിന്‍റെ ബാക്കിയാണ് ശരിയായ ഭക്ഷണം, മറ്റുള്ളവരോട് കാട്ടുന്നതാകണം ശരിയായ സ്നേഹം, പാപത്തില്‍ നിന്നും അകന്നുനില്‍ക്കുന്നതാണ് യഥാര്‍ത്ഥ ജ്ഞാനം. അഹങ്കാരമില്ലാതെ പരിപാലിക്കുന്നതാണ് യഥാര്‍ത്ഥ മതം.
(ശരിയായ മൂന്ന് കാര്യങ്ങള്‍ പറയുന്നതോടൊപ്പം ബ്രാഹ്മണനെ ഇത്രമാത്രം ഉയര്‍ത്തികാട്ടുന്നത് ചാണക്യനെ ചെറുതാക്കുന്നതായി കാണാം. മനുഷ്യന്‍ എത്ര ഉയര്‍ന്നവനാണെങ്കിലും പൂര്‍ണ്ണനല്ല എന്നത് നമ്മെ ബോധ്യമാക്കുന്നതാകാം ഇത്തരം പരാമര്‍ശങ്ങള്‍)
2.40
സമ്പാദിച്ചും ഭക്ഷണം കഴിച്ചും ഇണചേര്‍ന്നും മതി വരാതെ അനേകംപേര്‍ മരണപ്പെട്ടുകഴിഞ്ഞു, ഇപ്പോഴും അത് തുടരുന്നു, വരുംകാലത്തും അത് തുടര്‍ന്നുകൊണ്ടേയിരിക്കും.