കാരുണ്യത്തിന്‍റെ മഹാ സ്‌നേഹതീരമാണ് പീസ് വില്ലേജ്; ടി സിദ്ദിഖ് എം എല്‍ എ

Wayanad

പീസ് വില്ലേജില്‍ മസാഇദ് മെഡിക്കല്‍ ക്യാമ്പ് നടത്തി

പിണങ്ങോട്: കാരുണ്യത്തിന്റെ മഹാ സ്‌നേഹതീരമാണ് പീസ് വില്ലേജ്. ജീവിതത്തില്‍ തണല്‍ നഷ്ടമായവര്‍ക്ക് താങ്ങും തണലുമാണ് പീസ് വില്ലേജ് എന്ന് അഡ്വ. ടി.സിദ്ദിഖ് എം എല്‍ എ പറഞ്ഞു. മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജും തുണയും സംയുക്തമായി പിണങ്ങോട് പീസ് വില്ലേജ് ഓള്‍ഡ് ഏയ്ജ് ഹോമിലെ താമസക്കാര്‍ക്കായി നടത്തിയ ”മസാഇദ് ‘ ജെറിയാട്രിക് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സേവന മനോഭാവം നല്‍കി കഴിവുറ്റ ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോയൊണ് പീസ് വില്ലേജ് സന്ദര്‍ശിക്കുകയും മെഡിക്കല്‍ ക്യാമ്പ് നടത്തുകയും ചെയ്തത്. പീസ് വില്ലേജിനുള്ള ഉപഹാരം ടി സിദ്ദിഖ് എം എല്‍ എ യില്‍ നിന്നും പീസ് വില്ലേജ് ഫൗണ്ടേഷന്‍ ട്രസ്റ്റ് സെക്രട്ടറി കെ മുസ്തഫ മാസ്റ്റര്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ ക്യാമ്പിന് പുറമെ പീസ് വില്ലേജിലെ താമസക്കാര്‍ക്കായി വിവിധ കലാപരിപാടികളും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നടത്തി.

ഡോ. ഹാജറ മുജീബ് ക്യാമ്പിനും ബോധവത്ക്കരണ ക്ലാസ്സിനും നേതൃത്വം നല്‍കി. കലക്ട്രേറ്റ് ജൂനിയര്‍ സൂപ്രണ്ട് പി.സി ഉമറലി, തുണ പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസ് സെക്രട്ടറി ഹസന്‍ ശദ്ദാദ് എന്നിവര്‍ സംസാരിച്ചു. പീസ് വില്ലേജ് പി. ആര്‍. ഒ കെസിയ മരിയ, സൂപ്രവൈസര്‍ അബ്ദുല്ല പച്ചൂരാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.