മേപ്പാടി: വയനാട് ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം ആരംഭിച്ച ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് മറ്റൊരു നേട്ടം കൂടി. പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്ന രോഗം ബാധിച്ച തരുവണ സ്വദേശികളായ ദമ്പതിമാരുടെ 6 വയസ്സുള്ള പെൺക്കുട്ടിക്ക് ഡിവൈസ് ക്ലോസർ സാങ്കേതിക വിദ്യ ഉപോയോഗിച്ചുകൊണ്ട് നടത്തിയ ചികിത്സയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
എല്ലാ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയത്തിലും കാണപ്പെടുന്ന ദ്വാരമാണ് ഡക്റ്റസ് ആർട്ടീരിയോസസ്. ജനിക്കുമ്പോഴോ ജനിച്ചതിനു ശേഷമുള്ള ആദ്യ മണിക്കൂറികളിലോ പ്രകൃത്യാ അടയുന്ന ഈ ദ്വാരം ചില കുട്ടികളിൽ അടയാതെ കാണപ്പെടുന്ന അവസ്ഥയാണ് പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്.
ഈ ദ്വാരത്തിലൂടെയാണ് ഗർഭസ്ഥ ശിശുവിന്റെ താഴെ ഭാഗങ്ങളിലേക്കുവേണ്ട രക്തം ലഭിക്കുന്നത്. മുൻപ് സങ്കീർണ്ണമായ തുറന്ന ശസ്ത്രക്രിയയിലൂടെ മാത്രമായിരുന്നു ഇത്തരം ദ്വാരങ്ങൾ അടച്ചിരുന്നത്. എന്നാൽ ഇന്റർവെൻഷനൽ കാർഡിയോളജിയുടെ ആവിർഭാവത്തോടെ പ്രസ്തുത ചികിത്സകൾ കുറേകൂടി നൂതനമായി.
തുടർച്ചയായുള്ള ശ്വാസം തടസ്സം, കൂടിയ തോതിലുള്ള ഹൃദയമിടിപ്പ്, വളർച്ചാ കുറവ്, ഇടയ്ക്കിടെ ശ്വാസകോശത്തിന് ബാധിക്കുന്ന അണുബാധ എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്.
ഇടവിട്ടുള്ള പനി, ചുമ, കഫക്കെട്ട്, എന്നിവയെല്ലാം ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളായതുകൊണ്ട് ആവശ്യമായ പരിശോധനകൾ നടത്തി ഈ രോഗമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
മാസം തികയാതെയുള്ള പ്രസവം, ഡൌൺ സിൻഡ്രോം, റൂബെല്ല സിൻഡ്രോം അഥവാ ഗർഭാവസ്ഥയിൽ അമ്മയ്ക്ക് റൂബെല്ല പോലുള്ള വൈറസ് പനി ബാധിച്ചിട്ടുണ്ടെങ്കിലോ കുട്ടിയെ ഈ രോഗത്തിലേക്കു നയിച്ചേക്കാം. കാർഡിയോളജി വിഭാഗം മേധാവി ഡോ. ചെറിയാൻ അക്കരപ്പറ്റിയുടെ നേതൃത്വത്തിൽ കാത് ലാബിന്റെ സഹായത്തോടെ കാർഡിയോളജിസ്റ്റുമാരായ ഡോ. സന്തോഷ് നാരായണൻ, ഡോ. അനസ് ബിൻ അസീസ്, അനസ്തെസ്യ വിഭാഗം ഡോക്ടർമാരായ ഡോ. അരുൺ അരവിന്ദ്, ഡോ. അർജുൻ എന്നിവരടങ്ങുന്ന ടീമാണ് ഈ പ്രൊസീജിയർ ചെയ്തത്. അധികദിവസം ആശുപത്രി വാസമോ വിശ്രമമോ രോഗിക്ക് ആവശ്യമില്ല എന്നതും ചുരുങ്ങിയ ദിവസം കൊണ്ട്തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്നതും ഈ ചികിത്സയുടെ നേട്ടമാണ്.ഒപ്പം സർക്കാർ ഇൻഷുറൻസ് ആയ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഈ ചികിത്സ പൂർണ്ണമായും സൗജന്യമായാണ് രോഗിക്ക് നൽകിയത്. കാർഡിയോളജി വിഭാഗത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് 8111881129 ൽ വിളിക്കാവുന്നതാണ്.