കരിപ്പൂര്‍ (വെളിച്ചം നഗര്‍): നടത്തിയ പ്രവര്‍ത്തനങ്ങളുടേയും നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന ഫോക്കസ് ഇന്ത്യയുടെ പവലിയന്‍ ശ്രദ്ധേയമാകുന്നു. നടത്തിയ പ്രവര്‍ത്തനങ്ങളുടെ മാതൃകകളും വീഡിയോയും ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലളിതമായ രീതിയില്‍ ഇവയുടെ വിവരണങ്ങളും നല്‍കുന്നുണ്ട്.
പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ആസാം, ബീഹാര്‍ എന്നിവിടങ്ങളിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലാണ് ഫോക്കസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നടക്കുന്നത്. ഇവിടങ്ങളില്‍ പിന്നാക്ക മേഖലയിലുള്ളവരെ മുന്‍നിരയില്‍ എത്തിക്കുകയാണ് ലക്ഷ്യം. അതിനായി അവിടങ്ങളിലെ ഗ്രാമങ്ങളില്‍ ജനപങ്കാളിത്തത്തോടെ കമ്മിറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രദേശവാസികളുടെ അഭിപ്രായം കൂടെ സ്വീകരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍.
ഫോക്കസ് ഇന്ത്യക്ക് ഇവിടെ വില്ലേജ്, ജില്ലാ, സംസ്ഥാനം എന്നിങ്ങനെ കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റികളാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജാര്‍ഖണ്ഡിലെ പാക്കൂരില്‍ ജിത്പൂര്‍ പബ്ലിക് സ്‌കൂള്‍ ഫോക്കസ് ഇന്ത്യയാണ് സ്ഥാപിച്ചത്. ഈ പ്രദേശത്ത് നിന്നും ആദ്യമായി ഒരു കുട്ടി പത്താം ക്ലാസ് പാസായത് ഫോക്കസ് ഇന്ത്യയുടെ ഈ സ്്കൂളില്‍ നിന്നാണ്.
ആസാമില്‍ 250 വീടുകള്‍ ഫോക്കസ് ഇന്ത്യയുടെ സഹകരണത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ മാതൃകകളും സ്റ്റാളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഹാന്റ് പമ്പ് പ്രൊജക്ട്, ബ്ലാങ്കറ്റ് പ്രൊജക്ട്, ഫുഡ് കിറ്റ്് വിതരണം, സ്‌കോളര്‍ഷിപ്പ് പ്രൊജക്ടുകള്‍, വനിത ശാക്തീകരണം പദ്ധതികള്‍, അനാഥ സംരക്ഷണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ പദ്ധതികള്‍ ഫോക്കസ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ട്.
ഇതുകൂടാതെ ആസാമിലെ മൊരീഗാവ് ജില്ലയിലെ പത്ത് ഗ്രാമങ്ങള്‍ ഫോക്കസ് ദത്തെടുത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നുണ്ട്. ഇവിടെ തൊഴില്‍ പരിശീലനം, ആടുവളര്‍ത്തല്‍, വിദ്യാഭ്യാസ ശാക്തീകരണ പരിപാടി, കമ്യൂണിറ്റി ഡവലപ്പ്‌മെന്റ് സെന്റര്‍ എന്നിവ എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കി വരുന്നു്. നിര്‍മ്മാണ്‍ 2030 എന്ന പേരിലാണ് ആസാമിലെ ഈ പദ്ധതി നടപ്പാക്കുന്നത്.
ബീഹാറിലെ കട്ടിഹാര്‍ ജില്ലയില്‍ മൊബൈല്‍ ക്ലിനിക്ക് പ്രൊജക്ട് ആസ്റ്ററുമായി സഹകരിച്ചാണ് ഫോക്കസ് നടപ്പാക്കാന്‍ പോകുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ നേരിട്ടെത്തി ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.