കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയര്‍മാനുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ പായസം കുടിച്ചുകൊണ്ട്നിര്‍വഹിച്ചു. പാല്‍പായസ മധുരം വിളമ്പിക്കൊണ്ടാണ് കലോത്സവ ഭക്ഷണശാലയുടെ ആദ്യ വിഭവം വിതരണം ചെയ്തത്.
കലോത്സവ ഊട്ടുപുരയില്‍ മാറ്റമില്ലാതെ തുടരുന്ന പഴയിടം രുചികള്‍ തന്നെയാണ് ഇത്തവണയും. പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയില്‍ ഭക്ഷണംഒരുങ്ങുന്നത്. അദ്ദേഹത്തിന്റ സാന്നിധ്യത്തിലായിരുന്നു മന്ത്രിമാര്‍ക്കും മറ്റുള്ളവര്‍ക്കും മധുരം നല്‍കിയത്. ഇത്തവണ എഴുപത് പേരടങ്ങുന്ന സംഘവുമായാണ് പഴയിടം കോഴിക്കോട് എത്തിയിരിക്കുന്നത്.
കലോത്സവത്തിന്റെ ഭാഗമായുള്ള ചക്കരപ്പന്തല്‍ എന്ന ഭക്ഷണ ശാല മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഭക്ഷണ ശാലയില്‍ ഭക്ഷണം വിളമ്പുന്നതിന് 3 ഷിഫ്റ്റുകളിലായി ആയിരത്തി ഇരുന്നൂറ് അധ്യാപകരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.
മധുരത്തെരുവ്, പാലൈസ്, തണ്ണീര്‍ പന്തല്‍, കല്ലുമ്മക്കായ്, സുലൈമാനി തുടങ്ങി കോഴിക്കോടന്‍ പേരുകള്‍ നല്‍കിയ പത്തോളം ഭക്ഷണ കൗണ്ടറുകളാണ് ഭക്ഷണ വിതരണത്തിന്റെ സുഗമമായ നടത്തിപ്പിനായി ഒരുക്കിയിട്ടുള്ളത്. ദിവസേന നാല് നേരത്തെ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രാത്രി പത്തുമണിയോളം നീളും.
ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌കര്‍, ഭക്ഷണ കമ്മിറ്റികണ്‍വീനര്‍ വി.പി രാജീവന്‍ ഭക്ഷണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഇ പ്രേംകുമാര്‍ മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.