പ്രൈവറ്റ് ബസ് തൊഴിലാളികളോടുള്ള സര്‍ക്കാരിന്‍റെ അവഗണന അവസാനിപ്പിക്കുക: ഐ എന്‍ ടി യു സി

Wayanad

കല്പറ്റ: പ്രൈവറ്റ് ബസ് മേഖലയില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കേരളത്തിലെ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി പറഞ്ഞു. പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ എന്‍ ടി യു സി വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച താലൂക്ക് സമ്മേളനവും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പരിപാടിയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മോട്ടോര്‍ വാഹന വകുപ്പിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടുകള്‍ മോട്ടോര്‍ മേഖലയെ തന്നെ സംസ്ഥാനത്ത് തുടച്ചുനീക്കുന്ന തരത്തിലുള്ളതാണ്. തൊഴിലാളികള്‍ക്ക് എതിരെ സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ താലൂക്ക് പ്രസിഡന്റും കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സി എ അരുണ്‍ ദേവ് അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി നജീബ് കരണി, ഐ എന്‍ ടി യു സി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് താരിഖ് കടവന്‍, ഐ എന്‍ ടി യു സി റീജിയണല്‍ പ്രസിഡന്റ് മോഹന്‍ ദാസ് കോട്ടക്കൊല്ലി, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറിമാരായ കെ കെ രാജേന്ദ്രന്‍, ആര്‍ ഉണ്ണികൃഷ്ണന്‍, സുന്ദര്‍രാജ് എടപ്പട്ടി, ഷാജി കമ്പളക്കാട്, ഹര്‍ഷല്‍ കോന്നാടന്‍, നോറീഷ് മേപ്പാടി, ജയേഷ്, എല്‍ദോസ്, അനുപ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *