പിതാവിന്‍റെ മദ്യപാനം ചോദ്യം ചെയ്തതിന് വഴക്ക്, ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു

Wayanad

സുല്‍ത്താന്‍ ബത്തേരി: ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. ബീനാച്ചി കട്ടയാട് ചങ്ങനക്കാടന്‍ കബീര്‍-ജംഷിന ദമ്പതികളുടെ മകള്‍ ഷിബില ഷെറിന്‍ (17) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ ഷിബില ഷെറിനെ വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസം വീട്ടിലിരുന്ന് പിതാവും സുഹൃത്തും മദ്യപിക്കുന്നത് ഷിബില ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് വഴക്ക് പറഞ്ഞതായി പറയുന്നു. ഇതിന് പിന്നാലെയാണ് ഷിബില ജീവനൊടുക്കാന്‍ ശ്രമിച്ചത്. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഷിബില ഷെറിന്‍. മുഹമ്മദ് ഷിബില്‍ സഹോദരനാണ്.