പ്രൊഫ. എസ് വി ഹൈറുന്നിസ ഫാറൂഖിയ വിരമിക്കുന്നു

Kannur

തലശ്ശേരി: 26 വർഷത്തെ സേവനത്തിനു ശേഷം പാറാൽ ദാറുൽ ഇർഷാദ് അറബി കോളേജിൽ നിന്ന് അസോസിയേറ്റ് പ്രൊഫസറായി എസ് വി ഹൈറുന്നിസ ഫാറൂഖിയ്യ ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്നു. എം ജി എം ജില്ലാ പ്രസിഡണ്ടാണ്. മികച്ച വാഗ്മിയും മതപ്രബോധന സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യം കൂടിയാണ് ടീച്ചർ. ആകാശവാണിയിൽ നിരവധി തവണ സുഭാഷിതം പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. 2018- 21 കാലഘട്ടത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫ്സലുൽ ഉലമ പരീക്ഷ മൂല്യനിർണ്ണയ ക്യാമ്പിൻ്റെ ചെയർമാനായി പ്രവർത്തിച്ചിരുന്നു.

കോഴിക്കോട് സ്വദേശിയായ ഹൈറുന്നിസ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ് എസ് എൽസി പാസായതിന് ശേഷം ഫാറൂഖ് കോളേജിൽ നിന്ന് 1987ൽ അഫ്ളലുൽ ഉലമ ഡിഗ്രിയും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി ഭാഷയിൽ എം എയും കോഴിക്കോട് ലാംഗ്വേജ് ടീച്ചർ ട്രെയിനിങ് സെൻററിൽ നിന്ന് അറബി ഭാഷയിൽ അധ്യാപന പരിശീലനവും പൂർത്തിയാക്കിയാണ് പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ അധ്യാപികയായി ചേർന്നത്.

ബാല്യത്തിൽ മാതാപിതാക്കൾ മരണപ്പെട്ട ടീച്ചർ പ്രതിസന്ധികളും പ്രയാസങ്ങളും അതിജീവിച്ച് ദൃഢനിശ്ചയത്തോടെ പ്രയത്നിച്ചാണ് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി ഔദ്യോഗിക മേഖലയിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്നത്. അറബി ഭാഷാ പണ്ഡിതയായ ടീച്ചർ അധ്യാപനത്തിന് പുറമെ കുട്ടികളുടെ ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നതിനാൽ വിദ്യാർത്ഥികളുടെ ഏറെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു. തലശ്ശേരി നഗരസഭ കൗൺസിലറായിരുന്ന പരേതനായ സി ഒ ടി ഉമ്മറാണ് ഭർത്താവ്. നദ്റാൻ (ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ), നശ് വ എന്നിവർ മക്കളാണ്.

പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം പാനൂർ നഗരസഭ ചെയർമാൻ വി നാസർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ പ്രൊഫ. അബ്ദുൽ ഖയ്യും പുന്നശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന പ്രൊഫ.എസ് വി ഹൈറുന്നിസയ്ക്കുള്ള സ്നേഹോപഹാരം മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് പി കെ ഇബ്രാഹിം ഹാജി നൽകി. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കോളേജിലെ അധ്യാപകൻ ഡോ. പി പി ഷഫീക്കിനുള്ള ഉപഹാരം മാനേജർ എം പി അഹമ്മദ് ബഷീർ നൽകി.

കടവത്തൂർ എൻ ഐ എ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ പി മുഹമ്മദ് സലിം, മാനേജ്മെൻറ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി നജീബ്, മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ, സി എ അബൂബക്കർ, മുൻ പ്രിൻസിപ്പൽ പ്രൊഫ. ഷംസുദ്ദീൻ പാലക്കോട്, അബ്ദുൽ വഹാബ്, പ്രൊഫ. ഹുമയൂൺ കബീർ, ഡി ഐ യു പി സ്കൂൾ ഹെഡ്മിസ്ട്രസ് എം പി അമീറ, പ്രൊഫ. സുൽഫിയ സത്താർ, അജീഷ് ഇ, സദാ അബ്ദുള്ള, പ്രൊഫ. കെ മുഹമ്മദ് അഷ്റഫ്, എന്നിവർ പ്രസംഗിച്ചു. പ്രൊഫ. എസ് വി ഹൈറുന്നിസ, ഡോ. പി പി ഷഫീഖ് എന്നിവർ മറുപടി പ്രസംഗം നടത്തി.